ഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ അടുത്ത സീസണില്‍ ‘വാര്‍’ (വീഡിയോ അസിസ്റ്റന്റ് റഫറി) നിയമം കൊണ്ടുവരാന്‍ സാധിക്കുമെന്ന് ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍. എഐഎഫ്എഫിന്റെ വാര്‍ഷിക യോഗത്തിലാണ് ഇക്കാര്യം അവതരിപ്പിച്ചത്. എന്നാല്‍ ഐ എസ് എല്ലില്‍ ഇപ്പോഴുള്ള ഫീല്‍ഡ് റഫറിമാരുടെ തീരുമാനങ്ങള്‍ 85 ശതമാനവും ശരിയാണെന്നാണ് എ ഐ എഫ് എഫ് വിലയിരുത്തല്‍.
മുമ്പ് ഐഎസ്എല്ലില്‍ വാര്‍ നിയമം കൊണ്ടുവരാന്‍ ആലോചന നടത്തിയിരുന്നു. എങ്കിലും പണമില്ലെന്ന കാരണത്താല്‍ എഐഎഫ്എഫ് ഇതില്‍ നിന്ന് പിന്മാറി. പിന്നീട് അഡീഷണല്‍ വീഡിയോ റിവ്യു സിസ്റ്റം (എവിആര്‍എസ്) നടപ്പിലാക്കാന്‍ ആലോചന നടത്തി. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ വാര്‍ നിയമം വേണമെന്നാണ് ഫുട്‌ബോള്‍ നിരീക്ഷകരുടെ വാദം.
വാര്‍ നിയമത്തിനായുള്ള സാങ്കേതിക സംവിധാനങ്ങള്‍ക്കായി അഞ്ച് ഏജന്‍സികളെ സമീപിച്ചിട്ടുണ്ട്. മെയ് ആദ്യം ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചയാകാമെന്നും എഐഎഫ്എഫ് യോഗത്തില്‍ ധാരണയായി.