ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിന മത്സരത്തിൽ പരാജയപ്പെട്ടതിനു പിന്നാലെ വീണ്ടും കെണിയിലായി ഇന്ത്യൻ ടീം. ഇന്ത്യൻ ടീമിന് മേൽ പിഴ ചുമത്തിയിരിക്കുകയാണ് ഇപ്പോൾ. കുറഞ്ഞ ഓവർ നിരക്കിൻ്റെ പേരിലാണ് മാച്ച് റഫറി ടീമിനു പിഴ വിധിച്ചത്. മത്സര ഫീസിൻ്റെ 20 ശതമാനം പിഴയാണ് താരങ്ങൾ ഒടുക്കേണ്ടത്. നിശ്ചിത സമയത്ത് എറിഞ്ഞുതീർക്കേണ്ട ഓവറുകളിൽ ഒരു ഓവർ കുറവായാണ് ഇന്ത്യ പൂർത്തിയാക്കിയത്.
കൊവിഡ് ഇടവേളയ്ക്ക് ശേഷമുള്ള ഇന്ത്യയുടെ ആദ്യ രാജ്യാന്തര മത്സരമായിരുന്നു ഇത്. മൂന്ന് വീതം ഏകദിന, ടി-20 മത്സരങ്ങളും നാല് ടെസ്റ്റ് മത്സരങ്ങളുമാണ് പര്യടനത്തിൽ ഉള്ളത്. നാളെയാണ് പരമ്പരയിലെ രണ്ടാം മത്സരം. ആദ്യ കളിയിൽ തന്നെ ഓസ്‌ട്രേലിയക്ക് മുന്നിൽ മുട്ടുകുത്തേണ്ടി വന്നതിന്റെ ക്ഷീണം മാറുന്നതിനും മുന്നെയാണ് പുതിയ പിഴ ചുമത്തൽ.