ന്യൂഡല്‍ഹി: ഇന്ത്യന്‍ കോവിഡ് വാക്‌സിന്‍ സംബന്ധിച്ച ഇന്ത്യ ടിവി ചെയര്‍മാന്റെ വാദം പൊളിച്ചടക്കുന്ന ഫാക്ട് ചെക്ക് റിപ്പോര്‍ട്ട്. ഇന്ത്യ വികസിപ്പിച്ച കൊവിഡ് വാക്സിനു വേണ്ടി 190 രാജ്യങ്ങള്‍ മുന്‍കൂര്‍ ബുക്ക് ചെയ്തിട്ടുണ്ടെന്ന ഇന്ത്യ ടിവി ചെയര്‍മാന്റെ വാദം അടിസ്ഥാനരഹിതമാണെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്തകള്‍. ആഗോളതലത്തില്‍ വാക്സിന്‍ നല്‍കുകയെന്നത് കമ്പനിയുടെ ലക്ഷ്യമാണെന്ന് ഭാരത് ബയോടെക് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. കൃഷ്ണ ജനുവരി 3 ന് പ്രസ്താവനയില്‍ പറഞ്ഞിരുന്നു.
എന്നാല്‍, 70 രാജ്യങ്ങളിലെ വിദേശ പ്രതിനിധികള്‍ ഡിസംബര്‍ 9 ന് കമ്പനിയുടെ മാനുഫാക്ചറിംഗ് യൂണിറ്റുകള്‍ സന്ദര്‍ശിച്ചിരുന്നുവെങ്കിലും ഓര്‍ഡറുകളെക്കുറിച്ചോ പ്രീ ബുക്കിംഗിനെക്കുറിച്ചോ ഒന്നും പറഞ്ഞിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. 190 രാജ്യങ്ങള്‍ വാക്സിന്‍ മുന്‍കൂര്‍ ബുക്ക് ചെയ്തെന്നായിരുന്നു ഇന്ത്യാടിവി ചെയര്‍മാന്‍ രജത് ഷര്‍മ്മ ട്വീറ്റ് ചെയ്തത്. മോദിയുടെ നയങ്ങള്‍ കാരണമാണ് ഇത് നടന്നതെന്നും ഇയാള്‍ അവകാശപ്പെട്ടിരുന്നു.
”നമ്മുടെ രാജ്യത്ത് ഉല്‍പാദിപ്പിക്കുന്ന വാക്സിന്‍ ഫലപ്രദവും വിലകുറഞ്ഞതും സൂക്ഷിക്കാന്‍ എളുപ്പമുള്ളതുമാണ്. നരേന്ദ്ര മോദിയുടെ നയങ്ങളും നമ്മുടെ ശാസ്ത്രജ്ഞരുടെ കഴിവുകളും കാരണമാണിത്. 190 രാജ്യങ്ങള്‍ മുന്‍കൂട്ടി വാക്സിന്‍ ബുക്ക് ചെയ്തിട്ടുണ്ടെന്ന് വാക്സിനിനെക്കുറിച്ച് സംശയം ഉന്നയിക്കുന്നവര്‍ അറിഞ്ഞിരിക്കണം, ‘ രജത് ശര്‍മ്മ ട്വീറ്റ് ചെയ്തു.