ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ നിന്നും അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാരി ജൂഡിത്ത് ഡിസൂസയെ രക്ഷപ്പെടുത്തിയതായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അറിയിച്ചു.
രാവിലെ ട്വിറ്ററില്‍ കൂടിയാണ് ജൂദിത്തിനെ മോചിപ്പിച്ച വിവരം മന്ത്രി അറിയിച്ചത്.
കഴിഞ്ഞ ജൂണ്‍ 9നാണ് ആഗാഖാന്‍ ഫൗണ്ടേഷനില്‍ സീനിയര്‍ സാങ്കേതിക ഉപദേഷ്ടാവായ ജൂഡിത്തിനെ ഓഫീസിനു പുറത്തു നിന്ന് തീവ്രവാദികള്‍ എന്ന് സംശയിക്കുന്നവര്‍ തട്ടിക്കൊണ്ടു പോയത്.
കഴിഞ്ഞ ഒരു വര്‍ഷമായി ജൂഡിത്ത് കാബൂളിലായിരുന്നു. ജൂണ്‍ 15ന് കൊല്‍ക്കത്തിയിലേക്ക് മടങ്ങിവരാനായിരുന്നു നിശ്ചയിച്ചിരുന്നത്. ജൂഡിത്തിന്റെ കുടുംബത്തിന് അവരെ രക്ഷിക്കാനുള്ള എല്ലാ മാര്‍ഗങ്ങളും സ്വീകരിക്കുമെന്ന് സുഷമ സ്വരാജ് ഉറപ്പു നല്‍കിയിരുന്നു.
മെയില്‍ അഫ്ഗാനിസ്ഥാനില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍ക്കും അവിടേക്ക് പോകുന്നവര്‍ക്കുമായി സുരക്ഷ ഉപദേശം ഇന്ത്യന്‍ എമ്പസി പുറത്തിറക്കിയിരുന്നു.
അഫ്ഗാനിസ്ഥാനിലെ സുരക്ഷാ അസ്ഥിരമാണ്. രാജ്യത്ത് വിദേശികള്‍ക്ക് എതിരെയുള്ള ആക്രമണങ്ങള്‍ നടന്നു വരികയാണ്. അത് തുടരാന്‍ സാധ്യതയുണ്ട്. അഫ്ഗാനിസ്ഥാനില്‍ ഉടനീളം തട്ടിക്കൊണ്ടു പോകല്‍, തടവിലാക്കല്‍ എന്നിവയുടെ സാധ്യത വളരെ കൂടുതലാണ്.
മതിയായ സുരക്ഷാ മുന്‍കരുകലോടെ വേണം അഫ്ഗാനിസ്ഥാനില്‍ ജീവിക്കാനും ജോലി ചെയ്യാനുമെന്നും എമ്പസി വ്യക്തമാക്കുന്നു.