മുംബൈ: ട്വന്റി20 ക്രിക്കറ്റില്‍ 3000 റണ്‍സ് തികച്ച് ഇന്ത്യന്‍ വനിതാ താരം സ്മൃതി മന്ദാന. ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ടി20 മത്സരത്തിലെ തകര്‍പ്പന്‍ പ്രകടനത്തോടെയാണ് താരം കരിയറിലെ നാഴികക്കല്ലിലേക്ക് എത്തിച്ചേര്‍ന്നത്. നവിമുംബൈയില്‍ വെള്ളിയാഴ്ച നടന്ന മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരെ അര്‍ധസെഞ്ച്വറി നേടിയാണ് ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ തിളങ്ങിയത്. 52 പന്തില്‍ നിന്ന് ഒരു സിക്സും ഏഴ് ബൗണ്ടറിയുമടക്കം 54 റണ്‍സെടുത്തതോടെ ടി20യില്‍ 3052 റണ്‍സ് മന്ദാന സ്വന്തമാക്കി. മത്സരത്തില്‍ ഇന്ത്യ ഒന്‍പത് വിക്കറ്റുകളുടെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കുകയും ചെയ്തു.
വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യയ്ക്കായി ഷഫാലി വര്‍മ്മയും സ്മൃതി മന്ദാനയും മികച്ച തുടക്കമാണ് നല്‍കിയത്. ആദ്യ വിക്കറ്റില്‍ 137 റണ്‍സ് കൂട്ടിച്ചേര്‍ക്കാന്‍ ഇരുവര്‍ക്കും കഴിഞ്ഞു. സിക്‌സ് നേടി വിജയം സ്വന്തമാക്കാനുള്ള ശ്രമത്തില്‍ 54 റണ്‍സ് നേടിയ സ്മൃതി മന്ദാന പുറത്തായി. ഷഫാലി വര്‍മ്മ 64 റണ്‍സെടുത്തും ജമീമ റോഡ്രി?ഗസ് ആറ് റണ്‍സെടുത്തും പുറത്താകാതെ നിന്നു. ഓസ്‌ട്രേലിയയുടെ വകയായി 21 എക്‌സ്ട്രാ റണ്‍സും ഇന്ത്യയ്ക്ക് ലഭിച്ചു.
ട്വന്റി20 ക്രിക്കറ്റില്‍ 3000 റണ്‍സ് തികയ്ക്കുന്ന നാലാമത്തെ ഇന്ത്യന്‍ താരമാണ് സ്മൃതി മന്ദാന. വിരാട് കോഹ്ലി, പുരുഷ ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ, വനിതാ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ എന്നിവരാണ് ഈ നേട്ടം കൈവരിച്ച മറ്റു ഇന്ത്യന്‍ താരങ്ങള്‍. സുസി ബേറ്റ്സ്, മെഗ് ലാനിംഗ്, സ്റ്റെഫാനി ടെയ്ലര്‍, ഹര്‍മന്‍പ്രീത്, സോഫി ഡിവൈന്‍ എന്നിവര്‍ക്ക് ശേഷം വനിതാ ടി20യില്‍ 3000 റണ്‍സ് തികയ്ക്കുന്ന ആറാമത്തെ വനിതാ താരവും മന്ദാനയാണ്. 2461 പന്തുകളിലാണ് മന്ദാന 3000 ടി20 റണ്‍സ് സ്വന്തമാക്കിയത്. ഏറ്റവും വേഗത്തില്‍ ഈ നേട്ടത്തിലെത്തിച്ചേര്‍ന്ന വനിതാ താരവും കൂടിയാണ് സ്മൃതി മന്ദാന.