ഹോക്കി ലോക റാങ്കിംഗില്‍ ആറാം സ്ഥാനം തിരിച്ചുപിടിച്ച് ഇന്ത്യന്‍ വനിതകള്‍. 2368.83 റേറ്റിംഗ് പോയിന്റുമായി ഇംഗ്ലണ്ടിനെ മറികടന്നു. ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയിലും ഹാങ്ഷൗ ഏഷ്യന്‍ ഗെയിംസിലും നടത്തിയ തകര്‍പ്പന്‍ പ്രകടനമാണ് തുണയായത്.
3422.40 പോയിന്റുമായി നെതര്‍ലന്‍ഡ്സ് ലോകത്തിലെ ഏറ്റവും മികച്ച വനിതാ ഹോക്കി ടീമായി തുടരുന്നു. ഓസ്ട്രേലിയ രണ്ടാം സ്ഥാനത്തും അര്‍ജന്റീന മൂന്നാം സ്ഥാനത്തുമാണ്. ബെല്‍ജിയം ജര്‍മനി എന്നിവയാണ് ഇന്ത്യക്ക് മുകളിലുള്ള രണ്ട് ടീമുകള്‍. 2608.77 പോയിന്റുമായി ബെല്‍ജിയം നാലാം സ്ഥാനത്തും 2573.72 പോയിന്റുമായി ജര്‍മനി അഞ്ചാം സ്ഥാനത്തുമാണ്.
ഏഷ്യന്‍ ഗെയിംസിന് മുമ്പ് എട്ടാം സ്ഥാനത്തായിരുന്നു ഇന്ത്യ. എന്നാല്‍ കോണ്ടിനെന്റല്‍ ഷോപീസിലെ വെങ്കല മെഡലും റാഞ്ചിയില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയിലെ കിരീട നേട്ടവും ആറാം സ്ഥാനത്തേക്കുള്ള വനിതാ ടീമിന്റെ തിരിച്ചുവരവിന് വഴിയൊരുക്കി. ലോക റാങ്കിംഗില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച മുന്നേറ്റമായിരുന്നു ആറാം സ്ഥാനത്തേക്കുള്ള ഉയര്‍ച്ച.ലോക റാങ്കിംഗിലെ കുതിപ്പ്, വരാനിരിക്കുന്ന എഫ്ഐഎച്ച് ഹോക്കി ഒളിമ്പിക് യോഗ്യതാ മത്സരങ്ങള്‍ക്ക് തയ്യാറെടുക്കുന്ന ഇന്ത്യയ്ക്ക് ഊര്‍ജം പകരുന്നതാണ്. ജനുവരി 13 മുതല്‍ 19 വരെ റാഞ്ചിയിലാണ് യോഗ്യതാ മത്സരങ്ങള്‍. അടുത്ത വര്‍ഷത്തെ പാരീസ് ഒളിമ്പിക്‌സിന് യോഗ്യത നേടുന്നതിനായി ജര്‍മ്മനി, ന്യൂസിലന്‍ഡ്, ജപ്പാന്‍, ചിലി, യുണൈറ്റഡ് സ്റ്റേറ്റ്സ്, ഇറ്റലി, ചെക്ക് റിപ്പബ്ലിക് എന്നിവര്‍ക്കെതിരെ ഇന്ത്യ ഏറ്റുമുട്ടും.