ജക്കാര്‍ത്ത : ഏഷ്യന്‍ ഗെയിംസ് കായിക മത്സരങ്ങളുടെ മാമാങ്കത്തില്‍ വനിതകളുടെ കബഡിയില്‍ ഫൈനലില്‍ പ്രവേശിച്ച് ഇന്ത്യന്‍ ടീം. വ്യാഴാഴ്ച നടന്ന സെമി ഫൈനലില്‍ ചൈനീസ് തായ്‌പേയിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ വനിതകള്‍ ഫൈനലില്‍ പ്രവേശിച്ചത്.
തുടര്‍ച്ചയായ മൂന്നാം തവണയാണ് ഏഷ്യന്‍ ഗെയിംസ് ഫൈനലില്‍ ഇന്ത്യന്‍ പെണ്‍പുലികള്‍ പ്രവേശിക്കുന്നത്. ചൈനീസ് തായ്‌പേയിനെ 27-14 എന്ന സ്‌കോറിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. കഴിഞ്ഞ രണ്ട് ഏഷ്യന്‍ ഗെയിംസ് വനിതകളുടെ കബഡിയില്‍ ഇന്ത്യ സ്വര്‍ണം നേടിയിരുന്നു.
പുരുഷന്മാരുടെ ഡബിള്‍ ട്രാപ്പില്‍ ഷര്‍ദുല്‍ വിഹാന്‍ ഇന്ത്യയ്ക്ക് വേണ്ടി വെള്ളി സ്വന്തമാക്കി. ഇന്ത്യയുടെ നാലാം വെള്ളി മെഡലാണ് പതിനഞ്ചുകാരനായ ഷര്‍ദുല്‍ നേടിയത്. ഇതോടെ ഇന്ത്യയുടെ മെഡല്‍ നേട്ടം 17ലേക്ക് എത്തി. ഷൂട്ടിങ്ങിലൂടെ ഇന്ത്യയ്ക്ക് ലഭിക്കുന്ന എട്ടാമത്തെ മെഡലുമാണ് ഇത്.
അതേസമയം വനിതകളുടെ ഡബിള്‍ ട്രാപ്പില്‍ ഇന്ത്യന്‍ ടീം പരാജയപ്പെട്ടു. വനിതാ ടെന്നീസില്‍ ഇന്ത്യയുടെ അഭിമാനതാരം അങ്കിത റെയ്‌നയാണ് വെങ്കലം സ്വന്തമാക്കിയത്. ചൈനയുടെ ഷാങ് ഷ്യായിയോട് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് അങ്കിത തോറ്റത്. സ്‌കോര്‍. 4-6, 7-6.