മുംബൈ: ഇന്ത്യന്‍ സ്ത്രീകള്‍ വളരെ അപൂര്‍വ്വമായി മാത്രമേ പീഡനക്കേസുകളില്‍ വ്യാജ പരാതികള്‍ നല്‍കാറുള്ളൂവെന്ന് ബോംബെ ഹൈക്കോടതി. ലൈംഗികാതിക്രമത്തിന് വിധേയയായ സ്ത്രീ പൊലീസില്‍ പരാതി നല്‍കാന്‍ വൈകുന്നത് അവര്‍ കള്ളം പറയുന്നത് കൊണ്ടല്ലെന്നും കോടതി പറഞ്ഞു.
കൂട്ട ബലാത്സംഗ കേസില്‍ ദത്താത്രേയ കോര്‍ഡെ, ഗണേഷ് പര്‍ദേശി, പിന്റു ഖോസ്‌കര്‍,ഗണേഷ് സോലെ എന്നിവര്‍ക്ക് സെഷന്‍സ് കോടതി 10 വര്‍ഷം തടവ് വിധിച്ചിരുന്നു. കേസില്‍ കീഴ് കോടതി വിധിയെ ചോദ്യം ചെയ്തുള്ള അപ്പീല്‍ ജസ്റ്റിസ് എ എം ബാദര്‍ തള്ളിക്കൊണ്ടായിരുന്നു ഇത്തരമൊരു നിരീക്ഷണം നടത്തിയത്.
2012 മാര്‍ച്ച് 15നായിരുന്നു കേസിനാസ്പദമായ സംഭവം. നാസിക്കില്‍ നിന്ന് സുഹൃത്തിനൊപ്പം ത്രിംബകേശ്വറിലേക്ക് വരും വഴിയാണ് സ്ത്രീയെ നാല് പേര്‍ ചേര്‍ന്ന് ആക്രമിക്കുന്നത്. മാര്‍ച്ച് 15ന് സംഭവമുണ്ടായെങ്കിലും രണ്ട് ദിവസം കഴിഞ്ഞാണ് സ്ത്രീ പരാതി നല്‍കുന്നത്. മാത്രമല്ല മെഡിക്കല്‍ റെക്കോര്‍ഡുകളില്‍ മുറിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. ബലാത്സംഗ സാധ്യതയും റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞിരുന്നു. ഈ വാദമുന്നയിച്ചാണ് പ്രതികള്‍ അപ്പീല്‍ നല്‍കിയത്.
‘ആണ്‍ സുഹൃത്തിനൊപ്പം രഹസ്യമായി പോയപ്പോള്‍ നടന്ന സംഭവമായതിനാല്‍ത്തന്നെ പരാതിപ്പെടാന്‍ അവര്‍ ഭയപ്പെട്ടിരിക്കണം. തന്നെ ഒരു അഴിഞ്ഞാട്ടക്കാരിയായി മറ്റുള്ളവര്‍ തെറ്റിദ്ധരിക്കും എന്ന ഭയമായിരിക്കണം പരാതി നല്‍കാനുള്ള തീരുമാനത്തെ വൈകിപ്പിച്ചതെന്ന് ഹൈക്കോടതി വ്യക്തമാക്കി.
വളരെ അപൂര്‍വ്വമായി മാത്രമേ പീഡനകേസുകളില്‍ ഇന്ത്യന്‍ സ്ത്രീകള്‍ വ്യാജ പരാതികള്‍ നല്‍കാറുള്ളൂ എന്ന സുപ്രീംകോടതി നിരീക്ഷണത്തെ ചൂണ്ടിക്കാട്ടി ബോംബെ ഹൈക്കോടതി പ്രതികളുടെ വാദം തള്ളുകളായിരുന്നു.