യാന്‍ഗോണ്‍: മ്യാന്‍മറില്‍ വിഘടനവാദികള്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാരന്‍ മരിച്ചു. വിനു ഗോപാല്‍ എന്നയാളാണ് മരിച്ചത്.
അരാക്കന്‍ ആര്‍മിയെന്ന വിഘടനവാദ സംഘടനയാണ് വിനു ഉള്‍പ്പടെയുള്ള ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയത്. കെട്ടിടനിര്‍മ്മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നയാളാണ് മരിച്ച വിനു ഗോപാല്‍ എന്നാണ് റിപ്പോര്‍ട്ട്.
മ്യാന്‍മറിലെ രാഖിന്‍ പ്രവിശ്യയില്‍ നിന്ന് ഞായറാഴ്ചയാണ് നാല് ഇന്ത്യക്കാരും ഒരു മ്യാന്‍മര്‍ എം.പിയും ഉള്‍പ്പെടുന്ന പത്ത് അംഗ സംഘത്തെ വിഘടനവാദികള്‍ തട്ടിക്കൊണ്ടുപോയത്. പ്രദേശത്തെ ഒരു കെട്ടിട നിര്‍മാണ പ്രൊജക്ടുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരായിരുന്നു തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാര്‍.
തട്ടികൊണ്ടുപോയവരില്‍ ഏഴ് പേരെ അരാക്കന്‍ ആര്‍മി തിങ്കളാഴ്ച വിട്ടയച്ചു. ഇവരുടെ കൂടെ വിനു ഗോപാലന്റെ മൃതദേഹവുമുണ്ടായിരുന്നു. വിനു ഗോപാലനെക്കുറിച്ചുള്ളമറ്റ് വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
വിനു ഗോപാലന്റെ മരണത്തില്‍ തങ്ങളൊന്നും ചെയ്തിട്ടില്ലെന്നു ക്ഷീണം മൂലമാണ് അയാള്‍ മരിച്ചതെന്നും അരാക്കന്‍ ആര്‍മി വക്താവ് പറഞ്ഞു.
മ്യാന്‍മറിലെ റാഖൈന്‍ ബുദ്ധമതക്കാരുടെ സ്വയംഭരണത്തിനായി ഒരു ദശാബ്ദത്തോളമായി പോരാടുന്ന സായുധ സംഘമാണ് അരാക്കന്‍ ആര്‍മി. സൈന്യവും വിമതരും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍ നടക്കുന്ന മേഖലയാണു റാഖിന്‍. അടുത്തിടെ വിമതനീക്കത്തിന്റെ ശൈലി മാറ്റിയ പ്രക്ഷോഭകാരികള്‍ ആളുകളെ കൂട്ടമായി തട്ടിക്കൊണ്ടുപോകാന്‍ തുടങ്ങി. ഈ മേഖലയില്‍ കൂടുതായി ജോലി ചെയ്യുന്ന വിദേശികളെയാണു വിമതര്‍ ലക്ഷ്യം വച്ചത്.