‘ഹൗഡി മോദി’ ഇന്ത്യക്കാര്‍ക്ക് എച്ച് 1 ബി വിസ കിട്ടാന്‍ സഹായകമായില്ല; വിമര്‍ശനവുമായി പ്രിയങ്ക

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപി സര്‍ക്കാരിനെയും വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദി യു.എസില്‍ പോയി ഹൗഡി മോദി എന്ന പരിപാടി സംഘടിപ്പിച്ചു. പക്ഷേ, എച്ച് 1 ബി വിസ നിഷേധിക്കപ്പെടുന്ന ഇന്ത്യക്കാരുടെ എണ്ണം വര്‍ധിക്കുക മാത്രമാണ് ചെയ്തതെന്ന് പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു.

കഴിഞ്ഞദിവസം പുറത്തുവന്ന റിപ്പോര്‍ട്ടിലാണ് എച്ച് 1 ബി വിസ നിഷേധിക്കപ്പെടുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയെന്ന് കണ്ടെത്തിയത്. 2019-ന്റെ മൂന്നാം പാദത്തില്‍മാത്രം ഇന്ത്യക്കാരുടെ 24 ശതമാനം അപേക്ഷകളാണ് തള്ളിയതെന്ന് യു.എസ്. സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസിന്റെ (യു.എസ്.സി.ഐ.എസ്.) കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. 2015-ല്‍ ഇതേസമയം, ഇത് വെറും ആറു ശതമാനമായിരുന്നു. ഇന്ത്യന്‍ കമ്പനികളുടെ വിസാ അപേക്ഷകളാണ് കൂടുതല്‍ തള്ളുന്നത്. ട്രംപ് ഭരണകൂടം ഇന്ത്യന്‍ കമ്പനികളെ ലക്ഷ്യമിടുന്നുവെന്ന ആരോപണത്തിന് ബലമേകുന്നതാണ് കണക്കുകള്‍.

ഉദാഹരണമായി, ആമസോണ്‍, മൈക്രോസോഫ്റ്റ്, ഇന്റല്‍, ഗൂഗിള്‍ തുടങ്ങിയ വിദേശ കമ്പനികളുടെ വിസാ നിഷേധനിരക്ക് 2015-ല്‍ ഒരു ശതമാനമായിരുന്നു. 2019-ല്‍ ഇത് യഥാക്രമം ആറ്, എട്ട്, ഏഴ്, മൂന്ന് എന്നിങ്ങനെയായി. 2015-ലും 2019-ലും ആപ്പിള്‍ കമ്പനിയുടെ രണ്ട് ശതമാനം അപേക്ഷകള്‍ മാത്രമാണ് നിരസിച്ചത്. എന്നാല്‍, ഇതേ കാലയളവില്‍ ഇന്ത്യയുടെ ടെക് മഹീന്ദ്ര കമ്പനിയുടെ നിരസിച്ച അപേക്ഷകളുടെ എണ്ണം നാല് ശതമാനത്തില്‍നിന്ന് 41 ശതമാനമായാണ് കൂടിയത്. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റേത് ആറ് ശതമാനത്തില്‍നിന്ന് 34 ആയും വിപ്രോയുടേത് ഏഴില്‍നിന്ന് 53 ശതമാനമായും ഇന്‍ഫോസിസിന്റേത് രണ്ടില്‍നിന്ന് 45 ശതമാനമായും വര്‍ധിച്ചു.

Top