ഇന്ത്യയുടെ സാമ്പത്തിക ഭാവിയില്‍ ഇന്ത്യാക്കാര്‍ക്ക് വിശ്വാസമില്ല: രഘുറാം രാജന്‍

ദില്ലി: കൊവിഡിനെ തുടര്‍ന്നുള്ള സാഹചര്യങ്ങള്‍ രാജ്യത്തിന്റെ സാമ്പത്തിക ഭാവിയിലുള്ള ഇന്ത്യാക്കാരുടെ വിശ്വാസം കൂടുതല്‍ നഷ്ടപ്പെടുത്തിയെന്ന് മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍. സമീപ വര്‍ഷങ്ങളില്‍ ഈ പ്രതീക്ഷയില്‍ രാജ്യത്തെ ജനങ്ങള്‍ക്കുണ്ടായിരുന്ന വിശ്വസം ക്രമേണ ഇടിഞ്ഞു. കൊവിഡ് കാലത്ത് നിരവധി ഇടത്തരം കുടുംബങ്ങള്‍ ദാരിദ്ര്യത്തിലേക്ക് തള്ളപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

നല്‍സര്‍ നിയമ സര്‍വകലാശാല സംഘടിപ്പിച്ച പരിപാടിയില്‍ ഓണ്‍ലൈനായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഭ്യന്തര ഓഹരി വിപണികളുടെ മുന്നേറ്റം ഇന്ത്യാക്കാരുടെ ജീവിതം ദുരിതമയമാകുന്നതിന്റെ യഥാര്‍ത്ഥ ചിത്രമല്ല പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തിന്റെ പ്രതീക്ഷിത വളര്‍ച്ചാ നിരക്ക് 10.5 ശതമാനത്തില്‍ നിന്ന് 9.5 ശതമാനമായി റിസര്‍വ് ബാങ്ക് കുറച്ചിരുന്നു. 2021 ല്‍ ഇതേ നിരക്കാണ് ഐഎംഎഫും പ്രവചിക്കുന്നത്. 2022 സാമ്പത്തിക വര്‍ഷത്തില്‍ 8.5 ശതമാനമായിരിക്കും വളര്‍ച്ചയെന്നും അവര്‍ വ്യക്തമാക്കുന്നുണ്ട്.

രാജ്യത്ത് കൂടുതല്‍ തൊഴില്‍ ലഭ്യമാക്കുന്നതാവണം സാമ്പത്തിക പരിപാടികള്‍. സംസ്ഥാനങ്ങള്‍ തൊഴിലുകള്‍ തദ്ദേശീയര്‍ക്ക് മാത്രമായി നിജപ്പെടുത്തുന്നത് ഇന്ത്യയെന്ന ആശയത്തെ ഇല്ലാതാക്കുന്ന പ്രവര്‍ത്തനമാണ്. രാജ്യത്ത് ജനാധിപത്യ മൂല്യങ്ങളും വാദപ്രതിവാദത്തിനുള്ള താത്പര്യവും സഹിഷ്ണുതയും എല്ലാം തിരിച്ചടി നേരിടുന്നുണ്ട്. അത് കേന്ദ്രസര്‍ക്കാരില്‍ മാത്രമല്ല പല സംസ്ഥാനങ്ങളിലും ഇങ്ങിനെയാണെന്നും അദ്ദേഹം പറഞ്ഞു. വളരെ എളുപ്പത്തില്‍ സാമുദായിക വികാരങ്ങള്‍ വ്രണപ്പെടുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Top