ഇന്ത്യക്കാര്‍ നിഷ്‌കളങ്കരാണ്,അവര്‍ എന്തും വിശ്വസിക്കും: കേന്ദ്രത്തെ പരിഹസിച്ച് ചിദംബരം

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെ പരസ്യമായി പരിഹസിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ പി.ചിദംബരം. സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്ന പദ്ധതികളെ വിശ്വസിക്കുന്ന ഇന്ത്യന്‍ ജനത നിഷ്‌കളങ്കരാണ് എന്നായിരുന്നു പി.ചിദംബരത്തിന്റെ പരിഹാസം.ഒരു സാഹിത്യ പരിപാടിയില്‍ അഭിസംബോധന ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം.

രണ്ട് പ്രമുഖ പത്രങ്ങളുടെ പേര് എടുത്ത് പറഞ്ഞ അദ്ദേഹം ഈ മാധ്യമങ്ങളില്‍ വരുന്ന എന്ത് വാര്‍ത്തയായാലും അത് ജനങ്ങള്‍ കണ്ണുംപൂട്ടി വിശ്വസിക്കുമെന്നും കൂട്ടിച്ചേര്‍ത്തു .

രാജ്യത്ത് എല്ലാ ഗ്രാമങ്ങളും വൈദ്യുതീകരിച്ചതുപോലുള്ള അവകാശവാദങ്ങളും ഇന്ത്യയിലെ 99 ശതമാനം കുടുംബങ്ങളിലും ടോയ്‌ലറ്റ് സംവിധാനം ഏര്‍പ്പെടുത്തുമെന്നുമുള്ള സര്‍ക്കാര്‍ പദ്ധതികളുടെ പ്രഖ്യാപനം വിശ്വസിച്ചതാണ് ഇന്ത്യക്കാരുടെ നിഷ്‌കളങ്കതയുടെ തെളിവുകള്‍ എന്ന് അദ്ദേഹം പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ കാര്യവും ഇതുതന്നെയാണന്നും അദ്ദേഹം ആരോപിച്ചു. തന്റെ ഡ്രൈവറുടെ അച്ഛന്റെ സര്‍ജറിക്ക് ഈ കാര്‍ഡ് ഉപയോഗിക്കാന്‍ സാധിച്ചില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.

‘ആയുഷ്മാന്‍ കാര്‍ഡ് ഉണ്ടോ എന്ന് ഞാന്‍ എന്റെ ഡ്രൈവറോട് ചോദിച്ചു, അദ്ദേഹം ഒരു കാര്‍ഡ് കാണിച്ചു.അതെടുക്കാനും ഹോസ്പിറ്റലില്‍ കാര്‍ഡ് കാണിച്ചാല്‍ മതിയെന്നും ഞാന്‍ ഡ്രൈവറോട് പറഞ്ഞു. എന്നാല്‍ ആയുഷ്മാന്‍ കാര്‍ഡ് കാണിച്ചപ്പോള്‍ ഇങ്ങനെ ഒരു പദ്ധതിയെ കുറിച്ച് അറിയില്ലെന്നായിരുന്നു ഹോസ്പിറ്റ്ല്‍ അധികൃതരുടെ മറുപടിയെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ആയുഷ്മാന്‍ കാര്‍ഡ് പദ്ധതി ഇന്ത്യയില്‍ എല്ലായിടത്തും നടപ്പിലായെന്നാണ് ഇന്ത്യക്കാര്‍ എല്ലാവരും വിശ്വസിക്കുന്നത്.” പി ചിദംബരം പറഞ്ഞു

Top