കൊച്ചി: ആഭ്യന്തര കലാപം രൂക്ഷമായ ലിബിയയില്‍ കുടുങ്ങിയ മലയാളികളടക്കമുള്ള ആദ്യ ഇന്ത്യന്‍ സംഘം കൊച്ചിയിലെത്തി. രാവിലെ എട്ടരയോടെ നെടുമ്പാശേരി വിമാനത്താവളത്തിലാണ് 18 പേരുടെ സംഘമെത്തിയത്. ഇതില്‍ 11 പേര്‍ കുട്ടികളാണ്. മറ്റു 11 പേരടങ്ങുന്ന സംഘം ചെന്നൈയിലെത്തും.
ട്രിപ്പോളിയില്‍ കുടുങ്ങിയ ആറു മലയാളി കുടുംബങ്ങളും മൂന്നു തമിഴ് കുടുംബങ്ങളും ഉള്‍പ്പെടെ 29 പേരാണ് സംഘത്തിലുളളത്. ട്രിപ്പോളിയില്‍ നിന്ന് ഇസ്താംബുള്‍ വഴി ദുബായില്‍ എത്തിയാണ് ഇവര്‍ കൊച്ചിയിലേക്കു വരുന്നത്.
കഴിഞ്ഞ മാര്‍ച്ച് 25നു ട്രിപ്പോളിയിലെ സാവിയ ആശുപത്രിയിലുണ്ടായ ഷെല്ലാക്രമണത്തില്‍നിന്നു രക്ഷപ്പെട്ട ഇവര്‍ ഒന്നര മാസമായി വളരെ മോശം അവസ്ഥയിലാണ് കഴിഞ്ഞിരുന്നത്. ഒന്നര വയസുള്ള അഞ്ചു കുട്ടികളും രണ്ടര വയസുള്ള രണ്ടു കുട്ടികളും മൂന്ന്, ആറ്, 11 വയസുള്ളവരും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നതു സ്ഥിതി കൂടുതല്‍ ദുഷ്‌കരമാക്കി.
ഇന്നലെ ഇവരുടെ വിസ കാലാവധി അവസാനിച്ചു. വിസ പുതുക്കല്‍ നടപടികള്‍ സാധ്യമായില്ലെന്നു നഴ്‌സുമാര്‍ ബന്ധുക്കളെ അറിയിച്ചിരുന്നു. ട്രിപ്പോളിയിലേക്കു ലിബിയന്‍ എയര്‍ലൈന്‍സ് മാത്രമേ സര്‍വീസ് നടത്തുന്നുള്ളൂ എന്നതും ഇവരുടെ യാത്ര പ്രതിസന്ധിയിലാക്കി.
ലിബിയയിലെ വിവിധ ആശുപത്രികളില്‍ ജോലി ചെയ്യുന്നവരാണ് സംഘത്തില്‍ ഏറിയ പങ്കും. മുഖ്യമന്ത്രിയുടെ ഓഫിസിന്റെയും കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെയും ഇടപെടലിനെ തുടര്‍ന്നാണ് ഇവര്‍ക്ക് നാട്ടിലെത്താന്‍ വഴിതെളിഞ്ഞത്.
തിരിച്ചെത്തുന്നവരുടെ യാത്രാച്ചെലവു സര്‍ക്കാര്‍ വഹിക്കും. ഇപ്പോള്‍ സ്വന്തം ചെലവില്‍ തന്നെയാണ് അവര്‍ എത്തുന്നത്. യാത്രാരേഖകള്‍ ഹാജരാക്കുന്ന അടിസ്ഥാനത്തില്‍ തുക നല്‍കാനാണു തീരുമാനം. ഇതിനായി നോര്‍ക്കയുടെ പ്രത്യേക ഹെല്‍പ് ഡെസ്‌ക് നെടുമ്പാശേരി വിമാനത്താവളത്തില്‍ തുറക്കും.
നേരിട്ടു വിമാന ടിക്കറ്റ് എടുക്കാന്‍ നോര്‍ക്ക ശ്രമം നടത്തിയെങ്കിലും ലിബിയന്‍ കറന്‍സിയിലുള്ള വിനിമയം നടക്കാത്തതിനാല്‍ ട്രിപ്പോളിയില്‍നിന്ന് ഇസ്താംബുളിലേക്കുള്ള ടിക്കറ്റ് എടുക്കാന്‍ സാധിക്കാതെ വന്നു. തുടര്‍ന്നാണു നഴ്‌സുമാര്‍ സ്വന്തം നിലയില്‍ ടിക്കറ്റ് എടുത്തശേഷം റീഇംബേഴ്‌സ് ചെയ്യാന്‍ തീരുമാനിച്ചത്.