യുദ്ധമുഖത്ത് ഇന്ത്യക്കാർ ‘പെട്ടതല്ല’ സ്വയം ചെന്നു ‘ചാടി’ കൊടുത്തതാണ് !

യുക്രെയിനില്‍ നടക്കുന്ന രക്ത രൂക്ഷിത പോരാട്ടം മറ്റൊരു തരത്തിലേക്കാണ് ഇപ്പോള്‍ നീങ്ങികൊണ്ടിരിക്കുന്നത്. റഷ്യക്കെതിരെ പോരാടാന്‍ സാധാരണ ജനങ്ങള്‍ക്ക് തോക്കുകള്‍ വിതരണം ചെയ്ത യുക്രെയിന്‍ ഭരണകൂടത്തിന്റെ നടപടി ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള വിദേശികള്‍ക്കും വലിയ ഭീഷണി ആയാണ് മാറുന്നത്. യുദ്ധത്തിന്റെ മറവില്‍ വന്‍ കവര്‍ച്ചയും ആക്രമണ പ്രവര്‍ത്തനങ്ങളും യുക്രെയിനില്‍ നടക്കുന്നുണ്ടെന്നാണ് പുറത്തു വരുന്ന വിവരം. ആര്‍ക്കും ആരെയും വെടിവെച്ച് കൊല്ലാനുള്ള അവസരം കൂടിയാണ് ഇതോടെ കൈവന്നിരിക്കുന്നത്. വിദേശ പൗരന്‍മാരെ ‘കവചമാക്കി’ റഷ്യയെ പ്രതിരോധത്തിലാക്കാനുള്ള അത്യന്തം അപകടകരമായ നീക്കവും യുക്രെയിനില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.

ലോക രാജ്യങ്ങളെ കളത്തില്‍ ഇറക്കാന്‍ യുക്രെയിന്‍ ഭരണകൂടം നടത്തുന്ന നീക്കമായി മാത്രമേ ഈ ശ്രമങ്ങളെയും വിലയിരുത്താന്‍ കഴിയുകയൊള്ളൂ. മരണം വരെ പോരാടുമെന്ന് അടിക്കടി പ്രഖ്യാപിക്കുന്ന യുക്രെയിന്‍ പ്രസിഡന്റിന്റെ നിലപാട് മരണസംഖ്യ ഉയര്‍ത്താനും വലിയ നാശ നഷ്ടത്തിനുമാണ് കാരണമായിരിക്കുന്നത്. ഒരിക്കലും റഷ്യയെ തുരത്താന്‍ കഴിയില്ലെന്നു വ്യക്തമായിട്ടും റെക്കോര്‍ഡ് ചെയ്ത വീഡിയോ സന്ദേശങ്ങള്‍ വോളോഡിമിര്‍ സെലന്‍സ്‌കി പുറത്തുവിട്ടത് സ്വന്തം സൈന്യത്തിനും ജനതയ്ക്കും ആത്മവിശ്വാസം നല്‍കാന്‍ മാത്രമാണ്. അവസാന ശ്വാസംവരെ പോരാടും എന്നു സെലന്‍സ്‌കി പറയുന്നതില്‍ തന്നെ അവസാന സൈനികനെയും ബലി കൊടുക്കും എന്നതാണ് നാം മനസ്സിലാക്കേണ്ടത്.

യഥാര്‍ത്ഥത്തില്‍ വലിയ വിപത്ത് വിളിച്ചു വരുത്തിയതു തന്നെ അദ്ദേഹത്തിന്റെ ധാര്‍ഷ്ട്യമാണ്. ഏത് രാജ്യത്തെ ‘നമ്പിയാണോ’ റഷ്യയെ സെലന്‍സ്‌കി വെല്ലുവിളിച്ചത് ആ രാജ്യം തന്നെയാണ് ആദ്യം യുക്രെയിനെ കൈവിട്ടിരിക്കുന്നത്. റഷ്യക്കെതിരെ തട്ടിക്കൂട്ട് ഉപരോധത്തിന് അപ്പുറം ഒരു സൈനിക നടപടിക്കും അമേരിക്കയും സഖ്യകക്ഷികളും ഇപ്പോഴും തയ്യാറല്ല. നാറ്റോ അംഗരാജ്യങ്ങള സംരക്ഷിക്കാന്‍ അയച്ച സേനയുടെ തലവന്‍മാര്‍ പോലും റഷ്യന്‍ സേനയുമായി ചര്‍ച്ച നടത്തുന്ന തിരക്കിലാണിപ്പോള്‍, ‘അബദ്ധത്തില്‍ പോലും തങ്ങളുടെ സൈനികര്‍ക്കു നേരെ ആക്രമണമുണ്ടാകരുത് എന്നാണ് നാറ്റോ സഖ്യം റഷ്യയോട് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. അതായത് റഷ്യയെ നാറ്റോ സഖ്യം ഭയക്കുന്നു എന്നത് വ്യക്തം.

കോമഡി താരമായി ശ്രദ്ധ നേടി ഒടുവില്‍ യുക്രെയിന്‍ പ്രസിഡന്റു പദവിയിലെത്തിയ സെലന്‍സ്‌കിയുടെ നീക്കങ്ങള്‍ ധീരതയായി വാഴ്ത്തുന്നവര്‍ ഒരു പമ്പര വിഡ്ഢിയാണ് അദ്ദേഹമെന്നതാണ് ആദ്യം തിരിച്ചറിയേണ്ടത്. ഒരു നല്ല ഭരണാധികാരി ആദ്യം ചെയ്യേണ്ടത് സ്വന്തം ജനതയുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക എന്നതാണ്. ആ ബോധ്യം സെലന്‍സ്‌കിക്ക് ഉണ്ടായിരുന്നു എങ്കില്‍ ഇത്തരമൊരു സാഹചര്യം തന്നെ ഒഴിവാക്കാമായിരുന്നു. റഷ്യയെ ശത്രുവാക്കാന്‍ തീരുമാനിച്ചപ്പോള്‍ തന്നെ എങ്ങനെ ചെറുക്കാന്‍ കഴിയും എന്ന ധാരണയും അദ്ദേഹത്തിനു ഉണ്ടാവണമായിരുന്നു. കേവല വികാര പ്രകടനമല്ല വിവേകവും തന്ത്രപരമായ നീക്കവുമാണ് ഭരണകൂടത്തിനു വേണ്ടിയിരുന്നത്.

താലിബാന്‍ തീവ്രവാദികള്‍ക്ക് അഫ്ഗാനിസ്ഥാന്‍ എന്ന രാജ്യത്തെ എറിഞ്ഞു കൊടുത്ത് പലായനം ചെയ്ത അമേരിക്കയുടെ സമീപകാല പ്രവര്‍ത്തിയെങ്കിലും യുക്രെന്‍ പ്രസിഡന്റ് മനസ്സിലാക്കണമായിരുന്നു. സെലന്‍സ്‌കി അതു തിരിച്ചറിയാന്‍ വൈകിയെങ്കിലും പുടിന് കൃത്യമായ ധാരണ ഉണ്ടായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. അതുകൊണ്ടാണ് അദ്ദേഹം അമേരിക്കന്‍ ഭീഷണി തള്ളിക്കളഞ്ഞിരിക്കുന്നത്. നാറ്റോയില്‍ അംഗമാകാനും അതുവഴി റഷ്യക്ക് ഭീഷണി സൃഷ്ടിക്കാനും യുക്രെയിന്‍ നീക്കം നടത്തിയിട്ടില്ലായിരുന്നു എങ്കില്‍ ഈ യുദ്ധം തന്നെ ഒരുപക്ഷെ ഒഴിവായി പോകുമായിരുന്നു.

എന്ത് ‘ഒളിപ്പോര്‍’ നടത്തിയാലും ഇനി യുക്രൈന്‍ സൈന്യത്തിന് പിടിച്ചു നില്‍ക്കുക അസാധ്യമാണ്. വിനാശകരമായ വലിയൊരു ദുരന്ത വാര്‍ത്തയാണ് ലോകത്തെ കാത്തിരിക്കുന്നത്. അതിന് വഴിയൊരുക്കിയ രാഷ്ട്രതലവന്‍ എന്ന നിലയിലാണ് സെലന്‍സികിയും ഇനി അറിയപ്പെടാന്‍ പോകുന്നത്. അമേരിക്കയല്ല റഷ്യയാണ് ലോകത്തെ ‘സൂപ്പര്‍പവര്‍’ രാജ്യം എന്നാണ് ഈ യുദ്ധം തെളിയിക്കുന്നത്. യുക്രൈനിനെ ആക്രമിച്ചതു കൊണ്ട് മാത്രമല്ല അമേരിക്കയുടെയും സഖ്യകക്ഷികളുടെയും ഭീഷണി തള്ളിക്കളഞ്ഞ് സൈനിക നടപടി സ്വീകരിക്കാന്‍ ആര്‍ജവം കാണിച്ചതാണ് റഷ്യയെ കരുത്തരാക്കിയിരിക്കുന്നത്. അമേരിക്കയാണ് ഇതോടെ ലോകത്തിനു മുന്നില്‍ നാണം കെട്ടിരിക്കുന്നത്. ഒറ്റയടിക്ക് പുടിന്‍ ലോക ‘ഹീറോ’ ആയപ്പോള്‍ ശരവേഗത്തിലാണ് ബൈഡന്‍ ‘സീറോ’ ആയിരിക്കുന്നത്.

ഇനി പറയാന്‍ പോകുന്നത് മറ്റൊരു കാര്യമാണ്. നിലവില്‍, ഏകദേശം 16000ത്തോളം ഇന്ത്യക്കാരാണ് യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട കണക്കാണിത്. ഇതില്‍, 2,300ഓളം പേരും, മലയാളികളാണെന്നതാണ് പുറത്തു വരുന്ന വിവരം. പ്രധാനമായും റുമാനിയ, പോളണ്ട്, ഹംഗറി എന്നീ രാജ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇന്ത്യയുടെ രക്ഷാ ദൗത്യം പുരോഗമിച്ചു കൊണ്ടിരിക്കുന്നത്. അപകടം ഒന്നും സംഭവിക്കാതെ ഇവരെല്ലാം തന്നെ നാട്ടില്‍ തിരിച്ചെത്തട്ടെ എന്നു ആഗ്രഹിക്കുമ്പോഴും ചില കാര്യങ്ങള്‍ എന്തായാലും പറയാതെ വയ്യ.

യുദ്ധമുന്നറിയിപ്പ് നേരത്തെ ലഭിച്ചിട്ടും എന്തുകൊണ്ടാണ് യുക്രൈന്‍ വിടാതെ നിങ്ങള്‍ അവിടെ തുടര്‍ന്നിരുന്നത്? ആ ഒരു ധിക്കാരം കൊണ്ടു മാത്രമാണ് ഇന്ന് ഈ ഗതി ഇന്ത്യന്‍ പൗരന്‍മാരും അനുഭവിച്ചു കൊണ്ടിരിക്കുന്നത്. റഷ്യയുടെ സൈനിക വിന്യാസവും അമേരിക്കന്‍ മുന്നറിയിപ്പും എല്ലാം എത്രയോ നേരത്തെ തന്നെ തുടങ്ങിയതാണ്. അമേരിക്കയെ പേടിച്ച് റഷ്യ യുദ്ധം ചെയ്യില്ലന്നു കരുതിയത് തന്നെ വലിയ വിഡ്ഢിത്തമാണ്. കേന്ദ്ര സര്‍ക്കാര്‍ തിരിച്ചുവരാന്‍ പറഞ്ഞിട്ടു പോലും അധികം ആരും വരാന്‍ തയ്യാറായിരുന്നില്ല എന്നതും ഒരു യാഥാര്‍ത്ഥ്യമാണ്. വന്‍ തുക. നല്‍കി മെഡിസിന് ഉള്‍പ്പെടെ പഠിക്കുന്നവര്‍ പോലും തിരിച്ചു വരാന്‍ താല്‍പ്പര്യം കാട്ടിയില്ലന്നതാണ് വസ്തുത.

വിദേശകാര്യ മന്ത്രാലയം ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയപ്പോള്‍ മാത്രമാണ് കുറച്ചു പേരെങ്കിലും തിരികെ എത്തുവാന്‍ തയ്യാറായിരുന്നത്. യുദ്ധം പൊട്ടിപ്പുറപ്പെടുന്നതു കാത്തു നില്‍ക്കാതെ പ്രത്യേക വിമാനം അയച്ച് തിരികെ എത്തിക്കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാറിനും വീഴ്ചകള്‍ പറ്റിയിട്ടുണ്ട്. ഇതെല്ലാം തന്നെ മറച്ചുവച്ചിട്ട് ഇപ്പോള്‍ വിലപിച്ചിട്ട് ഒരു കാര്യവുമില്ല. ഇപ്പോഴത്തെ ഈ സാഹചര്യത്തിലേക്ക് മലയാളി വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടെ തള്ളിവിട്ടതില്‍ യുക്രൈനിലെ സ്ഥിരതാമസക്കാരായ ചില മലയാളികള്‍ക്കും വലിയ പങ്കാണുള്ളത്.

ചാനല്‍ ചര്‍ച്ചകളില്‍ ഇരുന്ന്, ഒരു ‘ചുക്കും’ സംഭവിക്കില്ലെന്ന് പറഞ്ഞ ഇത്തരക്കാരുടെ പ്രചരണം ഇന്ത്യയിലേക്ക് മടങ്ങുന്നതില്‍ നിന്നും പലരെയും പിറകോട്ടടിപ്പിച്ചിട്ടുണ്ട്. റഷ്യാ വിരുദ്ധത ‘വിളമ്പിയ’ ഇക്കൂട്ടരും മാറിയ യുക്രൈയിന്റെ അവസ്ഥ കണ്ടിപ്പോള്‍ അന്തം വിട്ടിരിക്കുകയാണ്. സകലരും ജീവനു വേണ്ടിയുള്ള നെട്ടോട്ടത്തിലാണുള്ളത്. ഏതു നിമിഷവും പതിക്കാവുന്ന ബോംബുകളെ മാത്രമല്ല, നിറത്തോക്കുമായി കറങ്ങി നടക്കുന്ന യുക്രൈന്‍ ക്രിമിനലുകളെയും ഭയക്കേണ്ട സാഹചര്യമാണ് അവിടെയുള്ളത്.

പൗരന്‍മാര്‍ക്ക് തോക്കുകള്‍ നല്‍കിയ യുക്രൈന്‍ ഭരണകൂടത്തിന്റെ നടപടി ജനവാസ കേന്ദ്രങ്ങളെ കൂടി ആക്രമിക്കാന്‍ റഷ്യന്‍ സേനയെ നിര്‍ബന്ധിതമാക്കിയിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്വവും സെലന്‍സിക്ക് മാത്രമായിരിക്കും. അതും ഓര്‍ത്തു കൊള്ളണം.

EXPRESS KERALA VIEW

Top