ഭോപ്പാൽ:വനിതാ യാത്രക്കാർക്ക് വേണ്ടി പാഡ് വെൻഡിങ് മെഷീൻ വഴി സാനിറ്ററി നാപ്കിനുകൾ ലഭ്യമാക്കുന്ന ആദ്യ റെയിൽവേ സ്റ്റേഷനായി മധ്യപ്രദേശിലെ ഭോപ്പാൽ സ്റ്റേഷൻ . റെയിൽവേ സ്റ്റേഷനുകളിൽ സാധാരണയായി ടിക്കറ്റ് കൗണ്ടറുകൾ, യാത്രക്കാരുടെ ഹെൽപ്പ് ഡസ്ക്കുകൾ, ടോയ്‍ലെറ്റുകൾ, കാത്തിരിപ്പ് മുറികൾ, എടിഎം തുടങ്ങിയവയാണ് കാണാറുള്ളത്.
എന്നാൽ പുതിയ പദ്ധതിയിലൂടെ പുതിയ മാറ്റം സൃഷ്ടിച്ചിരിക്കുകയാണ് ഭോപ്പാൽ. 5 രൂപ നിരക്കിൽ യാത്രയ്ക്ക് എത്തുന്ന സ്ത്രീകൾക്ക് വെൻഡിംഗ് മെഷീനിൽ നിന്നും രണ്ട് പാഡുകൾ വീതം എടുക്കാൻ സാധിക്കും.
ഭോപ്പാലിലെ റെയിൽവേ വനിതാക്ഷേമ അസോസിയേഷന്റെ ആഭിമുഖ്യത്തിലാണ് ‘ഹാപ്പി നാരി’ എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി നടപ്പാക്കിയിരിക്കുന്നത്. പുതിയ പദ്ധതിയ്ക്ക് റെയിൽവേയും പൂർണ്ണ പിന്തുണ നൽകിയിട്ടുണ്ട്.
ഹാപ്പി നാരിയ്ക്ക് ഏകദേശം 75 സാനിറ്ററി പാഡുകൾ മാത്രമാണ് ഉൾകൊള്ളാൻ കഴിയുക. എന്നാൽ ആദ്യ ദിനത്തെ പ്രതികരണം വളരെ മികച്ചതായതിനാൽ 8-9 മണിക്കൂറുകൾക്കുള്ളിൽ 600 നാപ്കിനുകൾ വെൻഡിങ് മെഷീനിൽ നിന്നും വിതരണം ചെയ്തു.
മെഷീൻ സ്ഥാപിക്കുന്നതിന്റെയും മോണിറ്ററിംഗ് ജീവനക്കാരന്റെയും സാനിറ്ററി നാപ്കിനുകളുടെയും മൊത്തത്തിലുള്ള ആകെ ചിലവ് 20,000 രൂപ മാത്രമാണ്. ഇത്തരത്തിൽ കൂടുതൽ പാഡ് വെൻഡിങ് മെഷിനുകൾ മധ്യപ്രദേശിൽ സ്ഥാപിക്കാനുള്ള ആലോചനയിലാണ് ഭോപ്പാൽ റെയിൽവേ.