ലഡാക്കില്‍ ചൈനയുടെ കടന്ന് കയറ്റം നിരീക്ഷിക്കാന്‍ ഇന്ത്യയുടെ എയര്‍ പട്രോളും

ന്യൂഡല്‍ഹി: ലഡാക്കില്‍ എയര്‍ പട്രോള്‍ ശക്തമാക്കിയെന്ന് ഇന്ത്യ വ്യോമസേന. ലഡാക്കില്‍ ഓന്നിലധികം സ്ഥലത്ത് ചൈനയുടെ ഇടപെടല്‍ ഉണ്ടായേക്കാമെന്ന വിവരത്തെതുടര്‍ന്നാണ് സ്ഥലത്ത് എയര്‍ പട്രോള്‍ ശക്തമാക്കിയത്. നേരത്തെ ടിബറ്റിനു മുകളിലൂടെയുള്ള ചൈനയുടെ വ്യോമ പ്രവര്‍ത്തനങ്ങളെ ഇന്ത്യ നിരീക്ഷിച്ചിരുന്നു.

ഏതു സാഹചര്യത്തെയും നേരിടാന്‍ ഞങ്ങള്‍ തയാറാണ്, ഏത് അവസ്ഥയേയും പ്രതിരോധിക്കും. അതില്‍ ആവശ്യാനുസരണമുള്ള എയര്‍ പട്രോളിങ്ങും ഉള്‍പ്പെടുമെന്ന് എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍.കെ.എസ്.ഭദൗരിയ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ കുറച്ചു മാസങ്ങളായി ചൈനയുടെ യുദ്ധവിമാനങ്ങള്‍ ഒന്നും ഇന്ത്യയുടെ വ്യോമാതിര്‍ത്തിയില്‍ എത്തിയിട്ടില്ലെന്നും ഭദൗരിയ പറഞ്ഞു.

ലഡാക്കിലെ ലേയില്‍ ഇന്ത്യന്‍ വ്യോമസേനയുടെ അപ്പാച്ചി യുദ്ധവിമാനവും മിഗ് 29 വിമാനത്തിന്റെയും സാന്നിധ്യം കണ്ടതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതിനു പിറ്റേദിവസമാണ് എയര്‍ ചീഫിന്റെ പരാമര്‍ശം. ലോകത്തിലെ ഏറ്റവും നൂതനമായ ആക്രമണ ഹെലികോപ്റ്ററായാണ് അപ്പാച്ചി കണക്കാക്കപ്പെടുന്നത്.

ലേയിലെ വ്യോമത്താവളത്തില്‍ ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ സജ്ജമായി കഴിഞ്ഞു. ആണവ മിസൈല്‍ വഹിക്കാന്‍ ശേഷിയുള്ള സുഖോയ്, മിറാഷ്, ജാഗ്വര്‍ യുദ്ധവിമാനങ്ങളും ആക്രമണക്കരുത്തുള്ള അപ്പാച്ചി, സേനാംഗങ്ങളെ എത്തിക്കുന്നതിനുള്ള ചിനൂക് ഹെലികോപ്റ്ററുകളുമാണ് ചൈനയെ ലക്ഷ്യമിട്ട് സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്. ഇനിയൊരു പ്രകോപനമുണ്ടായാല്‍ ശക്തമായ തിരിച്ചടി നല്‍കാന്‍ തന്നെയാണ് ഇന്ത്യയുടെ തീരുമാനം.

Top