ഡല്‍ഹി: ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പര ഈ മാസം 25ന് ആരംഭിക്കും. സ്വന്തം നാട്ടിലാണ് കളിക്കുന്നതെങ്കിലും ഇന്ത്യയ്ക്ക് ഇംഗ്ലണ്ട് ശക്തരായ എതിരാളികളാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് മുന്നേറ്റത്തിനും ഇന്ത്യയ്ക്ക് പരമ്പര നിര്‍ണായകമാണ്. രണ്ട് വര്‍ഷത്തോളമായി ഇംഗ്ലണ്ട് പരീക്ഷിച്ചു വിജയിച്ച ബാസ്‌ബോള്‍ തന്ത്രം ഇന്ത്യയിലും പരീക്ഷിച്ചേക്കും. എന്നാല്‍ ഇതിന് ഇന്ത്യയ്ക്ക് മറുപടിയുണ്ടെന്നാണ് മുന്‍ താരം സുനില്‍ ഗാവസ്‌കറിന്റെ വാക്കുകള്‍.
ഇംഗ്ലണ്ടിനെതിരെ 28 ടെസ്റ്റുകളില്‍ നിന്ന് 1991 റണ്‍സ് നേടിയ താരമാണ് വിരാട്. 42.36 ആണ് ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ ബാറ്റിംഗ് ശരാശരി. വിരാട് ബാറ്റ് ചെയ്യുന്ന രീതി മനോഹരമാണ്. ഇപ്പോഴത്തെ മികച്ച ഫോമില്‍ വിരാട്‌ബോളിന് ഇംഗ്ലീഷ് ബാസ്‌ബോളിനെ മറികടക്കാന്‍ കഴിയുമെന്നും ഗാവസ്‌കര്‍ വ്യക്തമാക്കി.
ടെസ്റ്റ് ക്രിക്കറ്റില്‍ ആക്രമണ ശൈലിയില്‍ ബാറ്റ് ചെയ്യുന്നതില്‍ തെറ്റില്ല. സ്പിന്നിന് അനുകൂലമായ ഇന്ത്യന്‍ പിച്ചുകളില്‍ ഇംഗ്ലണ്ട് എങ്ങനെ ബാസ്‌ബോള്‍ കളിക്കുമെന്നത് കൗതുകകരമാണ്. എന്നാല്‍ ഇംഗ്ലണ്ടിന്റെ ബാസ്‌ബോളിന് ഇന്ത്യയുടെ മറുപടിയാകും ‘വിരാട്‌ബോള്‍’ എന്ന് ഗാവസ്‌കര്‍ പറഞ്ഞു.