ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച; 4 വിക്കറ്റ് നഷ്ടത്തില്‍ 56 റണ്‍സ്

ലീഡ്‌സ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ ആദ്യ ദിനം ഉച്ചഭക്ഷണത്തിനു പിരിയുമ്പോള്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 56 റണ്‍സ് എന്ന നിലയിലാണ്. ലോകേഷ് രാഹുല്‍ (0), ചേതേശ്വര്‍ പൂജാര (1), വിരാട് കോലി (7), അജിങ്ക്യ രഹാനെ (18) എന്നിവരുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. ഇംഗ്ലണ്ടിനായി ജെയിംസ് ആന്‍ഡേഴ്‌സണ്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഒലി റോബിന്‍സണ്‍ ഒരു വിക്കറ്റ് സ്വന്തമാക്കി.

ലോര്‍ഡ്‌സ് ടെസ്റ്റിലെ പരാജയഭാരം അവിടെ ഉപേക്ഷിച്ച് പരാജയത്തില്‍ നിന്ന് പാഠമുള്‍ക്കൊണ്ടാണ് ഇംഗ്ലണ്ട് കളത്തിലിറങ്ങിയത്. ബുംറയില്‍ നിന്നേറ്റ ബൗണ്‍സര്‍ ബാരേജും അതേതുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളും ആന്‍ഡേഴ്‌സണിനെ കൂടുതല്‍ അപകടകാരിയാക്കി. ആദ്യ പന്ത് മുതല്‍ ഇന്ത്യയെ വിറപ്പിച്ച താരം ഇന്നിംഗ്‌സിലെ അഞ്ചാം പന്തില്‍ രാഹുലിനെ മടക്കി.

അഞ്ചാം ഓവറില്‍ പൂജാരയും മടങ്ങിയതോടെ ഇന്ത്യ പതറി. ആന്‍ഡേഴ്‌സണൊപ്പം ന്യൂ ബോള്‍ പങ്കിട്ട ഒലി റോബിന്‍സണും ഗംഭീരമായാണ് പന്തെറിഞ്ഞത്. 16 റണ്‍സിന്റെ മിനി കൂട്ടുകെട്ടിനു ശേഷം ക്യാപ്റ്റന്‍ കോലിയും മടങ്ങി. മൂവരും ബട്ലറിന്റെ കൈകളില്‍ ഒതുങ്ങുകയായിരുന്നു.

ഒരു വശത്ത് വിക്കറ്റുകള്‍ കടപുഴകുമ്പോഴും പിടിച്ചുനിന്ന രോഹിതിനൊപ്പം രഹാനെ എത്തിയതോടെ ഇന്ത്യ ശ്വാസം വിട്ടു. രഹാനെ സ്‌കോറിംഗ് ചുമതല ഏറ്റെടുത്തപ്പോള്‍ രോഹിത് ഉറച്ച പങ്കാളിയായി. മികച്ച രീതിയില്‍ മുന്നോട്ടുപോവുകയായിരുന്ന കൂട്ടുകെട്ട് ഒടുവില്‍ റോബിന്‍സണ്‍ പൊളിച്ചു. രഹാനെ ബട്ലറുടെ കൈകളില്‍ എത്തിയതോടെ താരങ്ങള്‍ ഉച്ചഭക്ഷണത്തിനു പിരിഞ്ഞു.

 

Top