ന്യൂഡല്‍ഹി: ഇന്ത്യക്കാര്‍ ഏറ്റവും ഇഷ്ടപ്പെടുന്ന രാഷ്ട്രീയ നേതാവ് വിദേശകാര്യമന്ത്രി സുഷമ സ്വരാജാണെന്ന് അമേരിക്കന്‍ മാഗസിനായ വാള്‍ സ്ട്രീറ്റ് ജേണല്‍. മാഗസിന്റെ എഡിറ്റോറിയല്‍ പേജിലെ ലേഖനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ ജനങ്ങള്‍ ഇഷ്ടപ്പെടുന്ന രാഷ്ട്രീയ നേതാവ് സുഷമ സ്വരാജ് ആണെന്നാണ് ലേഖനത്തില്‍ പറയുന്നത്.
സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയുടെ ഹൂവര്‍ സെന്ററില്‍ അധ്യാപകനായ ടുങ്കു വരദരാജന്‍ ആണ് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഇദ്ദേഹത്തിന്റെ ആഗോള രാഷ്ട്രീയ അവലോകന ലേഖനങ്ങള്‍ ഏറെ ശ്രദ്ധേയമാണ്.
ഇന്ത്യയുടെ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന് ഇന്ത്യയില്‍ മാത്രമല്ല വിദേശത്തും ആരാധകരേറെയുണ്ടെന്ന് ലേഖനത്തില്‍ പറയുന്നു.
കൂടാതെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ-നയതന്ത്ര ഇടപെടലുകള്‍ക്കിടയിലും, ബാലന്‍സ് നഷ്ടപ്പെടാതെ സര്‍ക്കാര്‍ നയങ്ങളില്‍ മുറുകെപ്പിടിച്ച് തന്റെ ജോലി കൃത്യമായും അഭിനന്ദനാര്‍ഹമായും ചെയ്യാന്‍ സുഷമാ സ്വരാജിന് കഴിയുന്നു എന്നും ലേഖനത്തില്‍ സൂചിപ്പിക്കുന്നു.
ട്വിറ്ററില്‍ 85 ലക്ഷത്തിലധികം പേര്‍ പിന്തുടരുന്ന സുഷമ സ്വരാജ്, ലോകത്ത് ഏറ്റവും അധികം ഫോളോവേഴ്‌സുള്ള പത്ത് രാഷ്ട്രീയനേതാക്കളില്‍ ഉള്‍പ്പെടുന്നു.
സുഷമയുടെ ട്വിറ്റര്‍ പോസ്റ്റുകളില്‍ ഭൂരിപക്ഷവും സഹായം തേടിക്കൊണ്ടുള്ള അഭ്യര്‍ത്ഥനയ്ക്കുള്ള മറുപടികളാണെന്നും, തങ്ങളുടെ രാജ്യത്തെ ആശുപത്രികളുടെ നിലവാരം മോശമായതിനാല്‍, അയല്‍രാജ്യമായ പാക്കിസ്ഥാനില്‍ നിന്ന് ചികിത്സയ്ക്ക് ഇന്ത്യന്‍ വിസ അനുവദിക്കാനുള്ള അപേക്ഷയുമായി അനേകം അപേക്ഷകളാണ് ഇന്ത്യന്‍വിദേശകാര്യമന്ത്രിയെ തേടിയെത്തുന്നതെന്നും ലേഖനം വ്യക്തമാക്കുന്നു.
ഇത്തരത്തില്‍ ഇന്ത്യയില്‍ ചികിത്സതേടിയെത്തിയ കുഞ്ഞുങ്ങളടക്കമുള്ളവരുടെ വിവരങ്ങളും ലേഖനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യന്‍ വിദേശകാര്യമന്ത്രിയെന്ന നിലയില്‍, പ്രത്യേകിച്ച് പ്രവാസി ഇന്ത്യക്കാരുടെ കാര്യത്തില്‍ അക്ഷീണപ്രയത്‌നം നടത്തുന്ന വിദേശകാര്യമന്ത്രി എന്ന ലേബലും സുഷമയ്ക്കു സ്വന്തം.