ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 29,435 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 62 പേരുടെ ജീവന്‍ നഷ്ടമാവുകയും 1,543 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തു.
അതേസമയം,കേന്ദ്ര ആരോഗ്യമന്ത്രാലയം ഇന്ന് രാവിലെ പുറത്തുവിട്ട കണക്കുപ്രകാരം 934 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. ഒരു ദിവസം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന കോവിഡ് മരണനിരക്കാണിത്.
എന്നാല്‍ 6,869 പേര്‍ രോഗമുക്തരായി എന്നത് ആശ്വാസം പകരുന്ന ഒന്നാണ്. ആകെ രോഗികളില്‍ 23.33 ശതമാനമാണ് രോഗം ഭേദമായവരുടെ നിരക്ക്. 21,632 പേര്‍ നിലവില്‍ ചികിത്സയില്‍ തുടരുകയാണ്.
ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം 8,590 ആയി ഉയര്‍ന്നു. 369 പേര്‍ മരിച്ചു. ഗുജറാത്തില്‍ 3,548 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മരണസംഖ്യ 162 ആയി. ഡല്‍ഹിയില്‍ രോഗബാധിതരുടെ എണ്ണം 3,108 ആയി. 54 പേരുടെ ജീവന്‍ നഷ്ടമായി.
രാജസ്ഥാനില്‍ 2,262 പേര്‍ക്കും മധ്യപ്രദേശില്‍ 2,165 പേര്‍ക്കും വൈറസ് സ്ഥിരീകരിച്ചു. ഉത്തര്‍പ്രദേശിലും തമിഴ്‌നാട്ടിലും രോഗികളുടെ എണ്ണം രണ്ടായിരത്തിലേക്ക് അടുക്കുന്നു. ആന്ധ്രാപ്രദേശിലും തെലങ്കാനയിലും ആയിരത്തിലേറെ പേര്‍ക്ക് രോഗം പിടിപെട്ടു. കേരളത്തില്‍ 481 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 123 പേര്‍ മാത്രമാണ് ചികിത്സയില്‍ തുടരുന്നത്.