വാഷിങ്ടണ്‍: ലോകത്തെ സ്വാധീനിച്ച 100 വ്യക്തികളില്‍ മോദിയെ കണ്ടെത്തിയ ടൈം മാഗസിന്‍ മോദിക്കെതിരെ ആഞ്ഞടിച്ച് രംഗത്ത്. നരേന്ദ്ര മോദിയെ ഭിന്നിപ്പിന്റെ ആശാനായി വിശേഷിപ്പിച്ചുകൊണ്ടാണ് ടൈം മാഗസിന്‍ കവര്‍ സ്‌റ്റോറി പുറത്തിറക്കിയിരിക്കുന്നത്.
മാധ്യമപ്രവര്‍ത്തകനായ ആതിഷ് തസീര്‍ ആണ് ഇന്ത്യന്‍ ജനതയെ ഭിന്നിപ്പിക്കുന്നതില്‍ മുമ്പനായി മോദിയെ വിശേഷിപ്പിച്ചുകൊണ്ട് ടൈം മാഗസീനില്‍ കവര്‍ സ്‌റ്റോറി എഴുതിയിരിക്കുന്നത്. കവറില്‍ മോദിയുടെ കാരിക്കേച്ചര്‍ അടക്കം നല്‍കിയിട്ടുണ്ട്.
രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുന്ന സംഭവങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുന്നതിനെയും ലേഖനം നിശിതമായി വിമര്‍ശിച്ചു. ഭൂരിപക്ഷ സമുദായത്തിന്റെ ആശങ്കകളെ പരിഹരിക്കാന്‍ ശ്രമിക്കുന്നുവെന്ന തരത്തിലുള്ള ജനപ്രിയ പരിപാടികളാണ് ബ്രസീല്‍, തുര്‍ക്കി, അമേരിക്ക എന്നീ രാജ്യങ്ങളെ പോലെ ഇന്ത്യയിലും നടപ്പിലാക്കുന്നതെന്ന് ലേഖകനായ ആതിഷ് തസീര്‍ എഴുതുന്നു. മോദിക്കെതിരെ സിവില്‍ സൊസൈറ്റി ഗ്രൂപ്പുകളും പ്രതിപക്ഷവും ഉന്നയിച്ച ആരോപണങ്ങള്‍ ലേഖകനും ശരിവെയ്ക്കുന്നു. 2014 ല്‍ വികസനത്തിന്റെ പേരില്‍ അധികാരത്തില്‍ വന്ന മോദി സര്‍വ മേഖലകളിലും പരാജയമാണെന്നാണ് ലേഖനം പറയുന്നത്.
‘അദ്ദേഹത്തിന്റെ സാമ്പത്തിക മാന്ത്രികത പൂര്‍ണമായും പരാജയപ്പെട്ടു, വിഷലിപ്തമായ മത ദേശീയത വളര്‍ത്തുന്നതിനുള്ള സാഹചര്യമുണ്ടാക്കി’ ലേഖനം പറയുന്നു. പശു സംരക്ഷണത്തിന്റെ പേരില്‍ മുസ്ലീങ്ങള്‍ ആക്രമിക്കപ്പെടുകയോ, കൊല്ലപ്പെടുകയോ ചെയ്യുന്നു. അതിന് ഭരണകൂടത്തിന്റെ മൗനാനുവാദം ഉണ്ടായിരുന്നുവെന്നും ടൈം മാഗസിന്‍ പറയുന്നു.
ഇന്ത്യയുടെ അടിസ്ഥാന സ്വഭാവങ്ങളെയെല്ലാം അവിശ്വസിക്കുന്ന ഒരു ഭരണ സംവിധാനമാണ് മോദി നടത്തിയതെന്നാണ് ടൈം മാഗസിന്‍ പറയുന്നത്. മതേതരത്വം, ലിബറലിസം, സ്വതന്ത്ര്യ മാധ്യമ പ്രവര്‍ത്തനം എന്നിങ്ങനെ ഇന്ത്യ കൈവരിച്ച നേട്ടങ്ങളെ മുഴുവന്‍ ഹിന്ദുക്കള്‍ക്കെതിരായ ഗൂഢാലോചനയായി വരുത്തിതീര്‍ക്കുകയാണ് മോദി ഭരണം ചെയ്തതെന്നും ടൈം മാഗസിന്‍ പറയുന്നു.
2002ല്‍ മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ സംസ്ഥാനത്ത് നടന്ന കൂട്ടക്കൊലയില്‍ ഇതുവരെ ഖേദം പ്രകടിപ്പിക്കാത്തതിനെയും മാഗസിന്‍ ശക്തമായി വിമര്‍ശിക്കുന്നു.സ്വാതന്ത്ര്യത്തിനു ശേഷം രാജ്യം കൈവരിച്ച മഹത്തായ നേട്ടങ്ങള്‍ മോദി അധികാരത്തിലേറിയ ശേഷം അട്ടിമറിക്കുകയാണ്. മതേതരത്വം, ജനാധിപത്യം,സ്വാതന്ത്ര്യം, നിര്‍ഭയമായ മാധ്യമപ്രവര്‍ത്തനം തുടങ്ങിയവയൊക്കെ അപകടത്തിലായിരിക്കുന്നു എന്നും മാഗസീന്‍ കുറ്റപ്പെടുത്തി.
അഞ്ച് വര്‍ഷത്തിനിടെ മോദിയെക്കുറിച്ചുള്ള നിലപാടുകളില്‍ വന്ന മാറ്റത്തിന്റെ പ്രതിഫലനമാണ് ടൈം മാഗസിന്റെ പുതിയ കവര്‍. 2012 ല്‍ മോദിയെ പ്രകീര്‍ത്തിച്ചായിരുന്നു ടൈം മാഗസിന്റെ കവര്‍. ആ വര്‍ഷം തന്നെയാണ് മോദി ആദ്യമായി ടൈം മാഗസിന്റെ കവറായത്. ഗുജറാത്തിലെ വികസനത്തെക്കുറിച്ച് പ്രകീര്‍ത്തിച്ച ലേഖനം, ആ സംസ്ഥാനത്തെ സാമ്പത്തിക വളര്‍ച്ചയുടെ കാരണക്കാരന്‍ മോദിയാണെന്നും അദ്ദേഹത്തിന് ഇന്ത്യയെ നയിക്കാന്‍ അവസരം ഉണ്ടാകുമോ എന്നും ചോദിച്ചായിരുന്നു എഴുതിയത്. ബിജെപി, നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഔദ്യോഗികമായി നിശ്ചയിക്കുന്നതിന് മുമ്പായിരുന്നു ലേഖനം വന്നത്. ഇപ്പോള്‍ മോദിയോടുള്ള മാഗസിന്റെ എഡിറ്റോറിയല്‍ ബോര്‍ഡിന്റെ സമീപനത്തില്‍ കാര്യമായ മാറ്റം വന്നു തുടങ്ങിതായാണ് ഈ ലേഖനം വ്യക്തമാക്കുന്നത്.