ഡൽഹി: ഇന്ത്യ ചൈന ബന്ധം നിലവിൽ സങ്കീർണമായ അവസ്ഥയിൽ എന്ന് വിദേശകാര്യ മന്ത്രാലയത്തിൻറെ വാർഷിക റിപ്പോർട്ട്. 2020 മുതലുള്ള യഥാർത്ഥ നിയന്ത്രണ രേഖയിലെ ചൈനയുടെ ഇടപെടലുകൾ അതിർത്തിയിലെ സാഹചര്യം വഷളാക്കി എന്നും റിപ്പോർട്ടിൽ പറയുന്നു. സ്ഥിതി ശാന്തമാക്കാൻ നടപടി സ്വീകരിക്കാൻ ചൈനയോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നും 350 പേജുള്ള റിപ്പോർട്ടിലുണ്ട്.
മുംബൈ ഭീകരാക്രമണത്തിലേ ഇരകൾക്ക് നീതി ലഭിക്കാൻ പാക്കിസ്ഥാന്റെ ഭാഗത്തുനിന്നും സത്യസന്ധമായ ഇടപെടലുകൾ ഉണ്ടായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. 2021 -22 വർഷത്തെ പ്രവർത്തനങ്ങൾ സംബന്ധിച്ച റിപ്പോർട്ടാണ് കഴിഞ്ഞ ദിവസമാണ് പ്രസിദ്ധീകരിച്ചത്. ചൈനയുടെ ശ്രമങ്ങളെ ഇന്ത്യൻ സേന ഇടതടവില്ലാചെ തക്കതായ മറുപടി നൽകിയെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. കിഴക്കൻ ലഡാക്കിലെ നിയന്ത്രണ രേഖയിലെ പ്രശ്നങ്ങൾ സമാധാനപരമായി സംസാരിച്ച് പരിഹരിക്കാൻ ഇരുപക്ഷവും സമ്മതിച്ചതായും എല്ലാ സംഘർഷങ്ങളിൽ നിന്ന് വിട്ട് സമാധാനം പൂർണമായി സ്ഥാപിക്കാനുള്ള ചർച്ചകൾ തുടരുകയാണെന്നും റിപ്പോർട്ട് വിശദമാക്കുന്നു.
2021 ഫെബ്രുവരിയിൽ പാംഗോങ് സോയിലും 2021 ഓഗസ്റ്റിൽ ഗോഗ്രയിലും പിന്മാറ്റം തുടരുകയാണ്. ശേഷിക്കുന്ന പ്രശ്നങ്ങൾ എത്രയും വേഗം പരിഹരിക്കുന്നതിന് നയതന്ത്ര, സൈനിക മാർഗങ്ങളിലൂടെ ഇന്ത്യ ചൈനയുമായി ബന്ധപ്പെടുന്നുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്.