ഡല്‍ഹി: ഭാരതത്തിന്റെ ആദ്യ സി-295 ഗതാഗത വിമാനം വഡോദരയില്‍ ഇറങ്ങി. ബഹ്‌റൈനില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം ഇന്ന് പുലര്‍ച്ചെയാണ് ഗുജറാത്തിലെ വഡോദരയില്‍ ഇറക്കിയത്. ഒക്ടോബര്‍ എട്ടിന് ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ നടക്കുന്ന ഈ വര്‍ഷത്തെ എയര്‍ഫോഴ്‌സ് ഡേ പരേഡില്‍ സി-295 വിമാനമുണ്ടായിരിക്കും. പ്രതിരോധ നിര്‍മ്മാണ മേഖലയില്‍ സ്വാശ്രയത്വം വര്‍ദ്ധിപ്പിക്കുന്നതിനായി സി-295 വിമാനം സഹായകമാകുമെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
ഗ്രൂപ്പ് ക്യാപ്റ്റന്‍ പിഎസ് നേഗിയാണ് വിമാനം പറത്തിയത്. സെപ്റ്റംബര്‍ 25-ന് ഡല്‍ഹി ഹിന്ദന്‍ എയര്‍ബേസില്‍ നടക്കുന്ന ചടങ്ങില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് വിമാനം ഇന്ത്യന്‍ വ്യോമസേനയില്‍ ഔദ്യോഗികമായി ഉള്‍പ്പെടുത്തും. മൊത്തം 56 വിമാനങ്ങളാണ് ഐഎഎഫില്‍ ഉള്‍പ്പെടുത്തുന്നത്. അവയില്‍ 40 എണ്ണം ടാറ്റ-എയര്‍ബസ് സംയുക്ത സംരംഭത്തിലൂടെ ഇന്ത്യയില്‍ നിര്‍മ്മിക്കും.
ഇന്ത്യന്‍ വ്യോമയാന മേഖലയ്ക്ക് ഇത് ഒരു വലിയ ചുവടുവെപ്പാണെന്നും ഞങ്ങള്‍ രാജ്യത്തെ ആദ്യത്തെ സൈനിക ഗതാഗത വിമാനം നിര്‍മ്മിക്കുമെന്നും എയര്‍ ചീഫ് മാര്‍ഷല്‍ വി ആര്‍ ചൗധരി പറഞ്ഞു. രണ്ടാമത്തെ വിമാനം 2024 മെയ് മാസത്തില്‍ പുറത്തിറക്കും. ‘മേക്ക് ഇന്‍ ഇന്ത്യ’ സംരംഭത്തിന് കീഴിലുള്ള ആദ്യത്തെ സി-295 ഗതാഗത എയര്‍ക്രാഫ്റ്റ് 2026 സെപ്റ്റംബറില്‍ പുറത്തിറങ്ങുമെന്നും 2031-ല്‍ സേനയ്ക്ക് കൈമാറുമെന്നും വ്യോമസേന അറിയിച്ചു.