ഇരട്ടി കരുത്തുമായി ഇന്ത്യയുടെ ആദ്യ ഇലക്ട്രിക് ട്രെയിന്‍ എഞ്ചിന്‍; സവിശേഷതകള്‍. .

ന്യൂഡല്‍ഹി: ഇന്ത്യയുടെ ആദ്യ ഹൈപവര്‍ ഇലക്ട്രിക് ലോകോമോട്ടീവ് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ളാഗ് ഓഫ് ചെയ്തു. ബിഹാറിലെ മോതിഹാരിയിലാണ് ചടങ്ങ് നടന്നത്.

ബിഹാറിലെ മധേപുര ഫാക്ടറിയിലാണ് ഈ ഇലക്ട്രിക് എന്‍ജിന്‍ കൂട്ടി യോജിപ്പിച്ചത്. ഇന്ത്യന്‍ റെയില്‍വെയും ഫ്രഞ്ച് കമ്പനിയായ അല്‍സ്റ്റവും ചേര്‍ന്നാണ് എഞ്ചിന്‍ നിര്‍മിച്ചത്.

1300 കോടിയാണ് ഫ്രഞ്ച് കമ്പനിയുടെ മുതല്‍മുടക്ക്. റെയില്‍വെ 100 കോടിയും മുടക്കും. ചരക്കുതീവണ്ടികളിലാണ് എഞ്ചിന്‍ ആദ്യം ഘടിപ്പിക്കുക. കല്‍ക്കരി, ഇരുമ്പയിര് തുടങ്ങിയ ഭാരമേറിയ ചരക്കുകള്‍ കൊണ്ടുപോകാന്‍ ഇവ ഉപയോഗിക്കും.

1200 കുതിരശക്തിയുള്ള എഞ്ചിനാണ് റെയില്‍വേ സ്വന്തമാക്കുന്നത്. ഇതോടെ റഷ്യ, ചൈന, ജര്‍മനി, സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഉള്‍പ്പെട്ട എലൈറ്റ് ക്ലബ്ബില്‍ ഇന്ത്യ ഇടം നേടി. നിലവില്‍ ഇന്ത്യന്‍ റെയില്‍വെയുടെ പക്കലുള്ള ഏറ്റവും ശക്തിയേറിയ എഞ്ചിന് പോലും ഇതിന്റെ പകുതി കരുത്തേയുള്ളൂ.

ഇത്തരം 800 എഞ്ചിനുകള്‍ നിര്‍മിക്കാനാണ് റെയില്‍വെയുടെ പദ്ധതി. മണിക്കൂറില്‍ 110 കിലോമീറ്ററാണ് പരമാവധി വേഗത.

ഈ സാമ്പത്തിക വര്‍ഷം നാല് എഞ്ചിനുകള്‍ കൂടി നിര്‍മിച്ച് റെയില്‍വെക്ക് കൈമാറും. ശേഷിക്കുന്നവ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മിക്കും.

35 എഞ്ചിനിയര്‍മാരാണ് ഫാക്ടറിയില്‍ ജോലി ചെയ്യുന്നത്. 20,000 കോടി നിക്ഷേപമാണ് ഫാക്ടറിക്കായി നടത്തിയിട്ടുള്ളത്. 2007ല്‍ അന്നത്തെ റെയില്‍വെ മന്ത്രി ലാലുപ്രസാദ് യാദവാണ് ഫാക്ടറിക്ക് തറക്കല്ലിട്ടത്.

Top