ഡൽഹി: ഇന്ത്യയിൽ നിന്നുള്ള ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്നാണ് റോക്കറ്റ് കുതിച്ചുയർന്നത്. സ്‌കൈറൂട്ട് എയറോസ്‌പേസ് എന്ന സ്റ്റാർട്ടപ്പിന്റെ വിക്രം എസ് സൗണ്ടിംഗ് റോക്കറ്റാണ് വിക്ഷേപിച്ചത്.
ഇന്ത്യൻ ബഹിരാകാശ രംഗത്ത് പുതുയുഗത്തിന് തുടക്കം കുറിച്ചാണ് റോക്കറ്റ് കുതിച്ചുയർന്നത്. വിക്രം എസ് റോക്കറ്റിൽ മൂന്ന് ഉപഗ്രഹങ്ങളാണുള്ളത്. ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥ്, ഇൻസ്പേസ് ചെയർമാൻ പവൻ ഗോയങ്ക, ബഹിരാകാശ വകുപ്പിന്റെ ചുമതലയുള്ള കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ് എന്നിവർ വിക്ഷേപണം കാണാൻ ശ്രീഹരിക്കോട്ടയിൽ എത്തിയിരുന്നു.