ഡല്‍ഹി: ഡല്‍ഹി-ഗാസിയാബാദ്-മീററ്റ് ആര്‍ആര്‍ടിഎസ് ട്രെയിന്‍ ഇടനാഴി പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിചു. ഇന്ത്യയില്‍ റീജിയണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റത്തിന്റെ ആരംഭം കൂടിയാവുന്നതാണ് റാപിഡ് എക്സ് ട്രെയിന്‍. റാപ്പിഡ് എക്സ് എന്ന പേരിലായിരുന്നു ട്രെയിന്‍ അറിയപ്പെട്ടത്. ഇപ്പോഴിതാ ട്രെയിനിന് പുതിയ പേരിട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ‘നമോ ഭാരത്’ എന്നാണ് പുതിയ പേര്.
അതിവേഗ ട്രെയിനെന്ന നിലയിലാണ് ‘നമോ ഭാരത്’ പുറത്തിറക്കുന്നത്. ഒരു നഗരത്തില്‍ നിന്നും അടുത്ത നഗരത്തിലേക്ക് എത്താന്‍ നമോ ഭാരതുകള്‍ക്ക് വേണ്ടി വരുന്നത് പതിനഞ്ചു മിനിറ്റാണ്. എല്ലാ അഞ്ചുമിനിറ്റിലും ഇത്തരം ട്രെയിനുകള്‍ സര്‍വീസ് നടത്തുമെന്നും പ്രധാനമന്ത്രിയുടെ ഓഫിസ് പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. അതേസമയം പേരുമാറ്റത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. മോദിയുടെ സ്വയം സ്‌നേഹത്തിന് അതിരുകളില്ലെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്റാം രമേശ് എക്സില്‍ കുറിച്ചു.
റെയില്‍ അധിഷ്ഠിത സെമി-ഹൈ-സ്പീഡ്, ഹൈ ഫ്രീക്വന്‍സി കമ്മ്യൂട്ടര്‍ ട്രാന്‍സിറ്റ് സിസ്റ്റമാണ് ആര്‍ആര്‍ടിഎസ്. ലോകോത്തര ഗതാഗത ഇന്‍ഫ്രാസ്ട്രക്ചര്‍ നിര്‍മാണത്തിലൂടെ രാജ്യത്തെ പ്രാദേശിക കണക്റ്റിവിറ്റി വികസിപ്പിക്കുക എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് അനുസൃതമായാണ് റീജിയണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം എന്ന പദ്ധതിയെത്തുന്നത്. മണിക്കൂറില്‍ 180 കിലോമീറ്ററാണ് ഇതിന്റെ വേഗത. ഓരോ 15 മിനിറ്റിലും സ്റ്റേഷനിലെത്തുന്ന അതിവേഗ ട്രെയിന്‍ യാത്രികരുമായി കുതിച്ചുപായും. 30,000 കോടിയിലധികം രൂപയാണ് ചെലവ് വരുന്നത്. രാജ്യതലസ്ഥാനത്ത് ഇത്തരത്തില്‍ എട്ട് ആര്‍ആര്‍ടിഎസ് ഇടനാഴികളാണ് ഒരുങ്ങുന്നത്.