ഇന്ത്യയുടെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശു 40 വയസ്സിന്റെ നിറവിൽ! ഇത് ഇന്ത്യയുടെ നേട്ടം

durga aka kanupriya

ലോകത്തിന് മികച്ച നേട്ടങ്ങൾ സമ്മാനിച്ച രാജ്യങ്ങളുടെ പട്ടികയിൽ, നിരസിക്കാൻ കഴിയാത്ത ഒരു സ്ഥാനമാണ് ഇന്ത്യയ്ക്ക് ഉള്ളത്. അത്തരം ഒരു വലിയ നേട്ടത്തിന്റെ വർഷമായിരുന്നു 1978, ഒക്ടോബർ മൂന്ന്. ഇന്ത്യയിൽ ആദ്യമായി പരീക്ഷണ ലാബിൽ ഒരു ജീവൻ പിറവിയെടുത്തു, ഭാരതത്തിന്റെ ആദ്യ ടെസ്റ്റ് ട്യൂബ് ശിശു, ലോകത്തിലെ രണ്ടാമത്തേതും! ഇന്ത്യയിലെ ഒരു ഡോക്ടർക്കും നേടാൻ കഴിയാത്ത വിജയമാണ് അന്ന് ഡോക്ടർ സുഭാഷ് മുഖർജി നേടിയത്. ഒരു പക്ഷേ ശാസ്ത്രത്തിന്റെ അത്രയും വലിയ സാധ്യത മനസിലാക്കിയ മറ്റൊരു വ്യക്തി തന്നെ ഇന്ത്യയിൽ ഇല്ലെന്ന്‌ പറഞ്ഞാൽ, ആർക്കും തെറ്റ് പറയാൻ കഴിയില്ല.

ശാസ്ത്രത്തിന്റെ വിരലിൽ പിടിച്ചു ലോകത്തെ കണ്ട ആ കുഞ്ഞു ജീവൻ ആരാണെന്ന് അറിയണ്ടേ? ആ അത്ഭുത സന്തതി ദുർഗയാണ്(കനുപ്രിയ അഗർവാൾ). ഇത്രയും വർഷങ്ങൾക്ക് ഇപ്പുറം, അവർ തന്റെ 40-ാം പിറന്നാൾ ആഘോഷിക്കുകയാണ്. മഹാരാഷ്ട്രയിലെ പൂനെയിൽ തന്റെ സുഹൃത്തുക്കൾക്കും മാതാപിതാക്കൾക്കും ഒപ്പം പിറന്നാൾ ആഘോഷിക്കുകയാണ് ഈ വനിത. ഇൻവിട്രോ ഫെർട്ടിലൈസേഷനിലൂടെ പിറവിയെടുത്ത ഈ കൺമണിയുടെ സൃഷ്ടാവ് എന്ന് വിളിക്കപ്പെടാവുന്ന ഡോക്ടർ സുഭാഷ് ഇന്ന് ജീവിച്ചിരിപ്പില്ല. പക്ഷേ അന്ന് അദ്ദേഹത്തോടൊപ്പം ഈ പരീക്ഷണങ്ങളിൽ ഉണ്ടായിരുന്ന പ്രൊഫസർ സുനിത് കുമാർ ഇന്നുമുണ്ട്. ആ വലിയ സന്തോഷം പങ്കിടാൻ ദുർഗയുടെ പിറന്നാൾ ആഘോഷത്തിൽ പ്രൊഫസർ സുനിത് പങ്കെടുത്തു.

ടെസ്റ്റ് ട്യൂബ് ശിശു ആയതിനാൽ ഏറെ ആശങ്കയോടെയാണ് ദുർഗയെ, അവരുടെ അമ്മയും അച്ഛനും നോക്കി വളർത്തിയത്. ഓരോ ചെറിയ കാര്യങ്ങളിൽ പോലും അവർ ശ്രദ്ധിച്ചിരുന്നു. എന്നാൽ തന്റെ കുട്ടികാലം എല്ലാവരുടെയും പോലെ തികച്ചും ‘സാധാരണം’ ആയിരുന്നു എന്ന് ദുർഗ പറയുന്നു.

70-കളിൽ ഇത്തരത്തിൽ ഒരു കുട്ടി ജനിച്ചത് ഒരുപക്ഷേ ആളുകൾക്ക് സ്വീകരിക്കാൻ കഴിയുന്ന ഒന്നായിരുന്നില്ല. എന്നാൽ, ദുർഗയെ ആദ്യം തന്നെ സ്വീകരിച്ചത് ദുർഗയുടെ മുത്തശ്ശനും മുത്തശ്ശിയുമായിരുന്നു. സ്‌കൂളും കോളേജും ഒക്കെ സാധാരണ ഗതിയിൽ തന്നെ തുടർന്നു. ഇന്ന് ദുർഗ അഞ്ച് വയസ്സുകാരിയുടെ അമ്മ കൂടിയാണ്. 40-ാം പിറന്നാളിന്റെ നിറവിൽ ദുർഗ കഴിയുമ്പോൾ ഇത് ഭാരതത്തിന് കൂടി ഒരു അഭിമാന നിമിഷമാണ്. മനുഷ്യന്റെ യുക്തിക്കും അപ്പുറം വളർന്ന ശാസ്ത്രത്തിന്റെ വിരൽ പിടിച്ചു നീങ്ങിയ ഭാരതത്തിന്റെ അഭിമാന നിമിഷം…!

Top