ഇന്ത്യ ജി-20 അധ്യക്ഷ പദവിയില്‍, ചരിത്ര മുഹൂര്‍ത്തം

ഡൽഹി: വികസിത രാജ്യങ്ങളുടെയും വികസ്വര രാജ്യങ്ങളുടെയും കൂട്ടായ്മയായ ജി 20യുടെ അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത ഇന്ത്യയുടെ കാലാവധി ഇന്ന് മുതൽ ആരംഭിക്കും.പുതിയ പദവി ഇന്ത്യൻ ജനതയ്ക്കുള്ള അംഗീകാരമാണെന്നും ഇതിൽ അഭിമാനിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. അടുത്തവർഷം ഇന്ത്യയിൽ വച്ച് നടക്കുന്ന ജി-20 ഉച്ചകോടിയ്ക്കായുള്ള ഒരുക്കങ്ങളും ഇന്ന് മുതൽ സജീവമാകും. ഇന്ത്യ അടുത്തവർഷം നവംബറിൽ ബ്രസീലിനാണ് അധ്യക്ഷ പദം കൈമാറുക.

അതിനിടെ അടുത്തവർഷവും ജി-20യുടെ അധ്യക്ഷ സ്ഥാനത്ത് ഇന്ത്യ വരുന്നതിന് പിന്തുണ നൽകുമെന്ന് അമേരിക്ക അറിയിച്ചു. ഭക്ഷ്യ പ്രതിസന്ധി അടക്കമുള്ള വിഷയങ്ങൾ കണക്കിലെടുത്ത് അടുത്തവർഷവും ജി-20യുടെ അധ്യക്ഷ സ്ഥാനത്ത് ഇന്ത്യ തുടരുന്നതിന് പിന്തുണ നൽകുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീന ജീൻ- പിയറി മാധ്യമങ്ങളോട് പറഞ്ഞു.

വടക്കുകിഴക്കിന്റെ സാംസ്‌കാരികത്തനിമ പ്രദർശിപ്പിക്കുന്ന ഹോൺബിൽ ഉത്സവത്തോടെയാണ് ജി-20 അധ്യക്ഷ പദവിയുമായി ബന്ധപ്പെട്ട ആഘോഷം ആരംഭിക്കുന്നത്. കിസാമയിലെ നാഗാ പൈതൃകഗ്രാമത്തിൽ വ്യാഴാഴ്ച മുതൽ ഡിസംബർ 10 വരെയാണ് ഉത്സവം. ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ഉദ്ഘാടനം ചെയ്യും. ആഘോഷങ്ങളുടെ ഭാഗമായി വ്യാഴാഴ്ച 100 ദേശീയ സ്മാരകങ്ങളിൽ ജി-20 ലോഗോ പ്രകാശനം ചെയ്യും. ഇവയുടെ പശ്ചാത്തലത്തിൽ സെൽഫി മത്സരവും സംഘടിപ്പിക്കും.

ഇന്തോനേഷ്യയിൽ നിന്നാണ് ഇന്ത്യ അധ്യക്ഷ പദവി ഏറ്റെടുത്തത്. ജി-20യിലൂടെ ലോകത്തിലെ എല്ലാ രാജ്യങ്ങളേയും സമൂഹങ്ങളേയും ഉൾക്കൊള്ളാനും എല്ലാ വ്യത്യസ്തതകളേയും സ്വീകരിച്ചുകൊണ്ടുള്ള കർമ്മപദ്ധതി നടപ്പാക്കുകയും ആണ് ഇന്ത്യയുടെ ലക്ഷ്യം. ഇന്ത്യയുടെ ജി-20 അധ്യക്ഷ സ്ഥാനം കർമ്മപദ്ധതികളുടെ തുടക്കമാണെന്നും വിവിധ സംസ്ഥാനങ്ങളിലായി നിരവധി യോഗങ്ങളിലൂടെ ആഗോള കൂട്ടായ്മയുടെ മികച്ച മാതൃക സൃഷ്ടിക്കുമെന്നും കേന്ദ്രസർക്കാർ പറഞ്ഞു.

അധ്യക്ഷ സ്ഥാനം എറ്റെടുക്കുന്ന നരേന്ദ്രമോദി റഷ്യ-ഉക്രൈൻ സംഘർഷം അവസാനിപ്പിയ്ക്കാൻ ജി-20 അധ്യക്ഷൻ എന്ന നിലയിൽ ഇടപെടുമെന്നാണ് സൂചന. അതേസമയം, കഴിഞ്ഞ മാസം നടന്ന ജി-20 വേദിയിൽ സമാധാനത്തിനായുള്ള സന്ദേശം പങ്കുവച്ച ഇന്ത്യ യുദ്ധം ഒന്നിനും പരിഹാരമല്ലെന്ന നിലപാട് ലോക രാജ്യങ്ങൾക്ക് മുന്നിൽ ആവർത്തിച്ചു. സന്ദേശത്തിൽ യുക്രൈനിൽ വെടിനിർത്തൽ നടപ്പിലാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടു.

Top