ക്വാലലമ്പുര്‍: മലേഷ്യന്‍ ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യയുടെ കിഡംബി ശ്രീകാന്തിന് തോല്‍വി. ഹോങ്കോങ്ങിന്റെ ആന്‍ഗസ് എന്‍ കെ ലോങ്ങിനോടാണ് ശ്രീകാന്ത് പരാജയപ്പെട്ടത്. നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് ഹോങ്കോങ്ക് താരത്തിന്റെ വിജയം. സ്‌കോര്‍ 13-21, 17-21.
നിര്‍ണായകമായ രണ്ടാം ഗെയിമില്‍ കടുത്ത പോരാട്ടമാണ് ഇരുതാരങ്ങളും കാഴ്ചവെച്ചത്. സ്‌കോര്‍നില പലപ്പോഴും ഒപ്പത്തിനൊപ്പമായിരുന്നു. പക്ഷേ അവസാന നിമിഷം ഗെയിം ശ്രീകാന്തിന് കൈവിട്ടുപോയി. രണ്ടാം ഗെയിം 17-21ന് ആന്‍ഗസ് ലോങ്ങ് വിജയിച്ചു.
മത്സരത്തിന്റെ തുടക്കത്തില്‍ താളം കണ്ടെത്തിയത് ശ്രീകാന്ത് ആണ്. ഒരു ഘട്ടത്തില്‍ 6-1ന് ശ്രീകാന്ത് മുന്നിട്ട് നിന്നു. എന്നാല്‍ ആന്‍ഗസ് ലോങ്ങ് ശക്തമായി തിരിച്ചുവന്നു. 13-21ന് ആദ്യ ഗെയിം ഹോങ്കോങ്ങ് താരം സ്വന്തമാക്കി. വെറും 15 മിനിറ്റ് മാത്രമാണ് ആദ്യം ഗെയിം നീണ്ടുനിന്നത്.