മംഗളൂരു: ഇന്ത്യയുടെ ആദ്യ തദ്ദേശീയ സൂപ്പര്‍സോണിക് പോര്‍വിമാനമായ ‘തേജസി’ന് ഇസ്രയേലില്‍നിന്നുള്ള മിസൈല്‍.
ദീര്‍ഘ ദൂരത്തുള്ള ശത്രുവിമാനങ്ങളെ തകര്‍ക്കാന്‍ കഴിയുന്ന ഐ-ഡെര്‍ബി എന്ന മിസൈലാണ് തേജസില്‍ സ്ഥാപിക്കുന്നത്.
ഐ-ഡെര്‍ബി മിസൈലുകള്‍ നിര്‍മിക്കുന്നത് ഇസ്രയേലിലെ റാഫേല്‍ അഡ്വാന്‍സ്ഡ് ഡിഫന്‍സ് സിസ്റ്റം എന്ന കമ്പനിയാണ്.
തേജസിന് വഹിക്കാന്‍കഴിയുന്ന ഏറ്റവും പ്രഹരശേഷിയുള്ള ആയുധമാകും ഐ-ഡെര്‍ബി. 50 കിലോമീറ്റര്‍ വരെ ദൂരത്തുപറക്കുന്ന ലക്ഷ്യത്തെ തകര്‍ക്കാന്‍ ഇതിനു കഴിയും. തേജസില്‍ നിന്ന് നേരിട്ട് ഐ-ഡെര്‍ബി വിക്ഷേപിച്ചുള്ള പരീക്ഷണം ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നടക്കും.
ശബ്ദത്തിന്റെ നാലിരട്ടി വേഗത്തില്‍ (മാക്-4) ലക്ഷ്യത്തിലേക്ക് സഞ്ചരിക്കാന്‍ ശേഷിയുള്ളതാണ് ഐ-ഡെര്‍ബി. 50 കിലോമിറ്റര്‍ റേഞ്ചുള്ളതാണ് ഇപ്പോള്‍ തേജസില്‍ ഘടിപ്പിക്കുന്നതെങ്കിലും 100 കിലോമീറ്റര്‍ വരെ പോകാന്‍ കഴിയുന്ന ഐ-ഡെര്‍ബി മിസൈലുകളും കമ്പനി നിര്‍മിക്കുന്നുണ്ട്. ഇതും തേജസിന് വഹിക്കാന്‍ കഴിയും. ഇതിനനുയോജ്യമായ വിക്ഷേപണികളാണ് ഘടിപ്പിക്കുന്നത്.
ഐ-ഡെര്‍ബിയുടെ വരവ് യുദ്ധരംഗത്ത് തേജസിന് വലിയ കരുത്താണ് നല്‍കുകയെന്ന് ശാസ്ത്രഞ്ജര്‍ വിലയിരുത്തുന്നു. ഒഡിഷയിലെ ചാന്ദിപുരിലുള്ള മിസൈല്‍ പരീക്ഷണകേന്ദ്രത്തില്‍ ഐ-ഡെര്‍ബി പരീക്ഷിച്ചിരുന്നു. രണ്ടു മിസൈല്‍ പരീക്ഷണങ്ങളും വിജയകരമായിരുന്നു.
ഇതിനെ തുടര്‍ന്നാണ് തേജസില്‍ വിക്ഷേപണികള്‍ ഘടിപ്പിക്കാനും അതില്‍നിന്ന് വിക്ഷേപണം നടത്താനും പ്രതിരോധ വകുപ്പ് അനുമതി നല്‍കിയത്.
വിമാനത്തിന്റെ ചിറകുകള്‍ക്ക് താഴെയായാണ് റെയില്‍ലോഞ്ചറുകള്‍ എന്നറിയപ്പെടുന്ന വിക്ഷേപണി സ്ഥാപിക്കുക. ഈ ജോലിയാണ് ഇപ്പോള്‍ പൂര്‍ത്തിയായത്.
ഇന്ത്യന്‍ ഗവേഷണസ്ഥാപനമായ എയ്‌റോനോട്ടിക്കല്‍ ഡെവലപ്‌മെന്റ് ഏജന്‍സി രൂപകല്‍പ്പന ചെയ്ത് വികസിപ്പിച്ചെടുത്ത തേജസ് ബെംഗളൂരുവിലെ പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്.എ.എല്‍.) ആണ് നിര്‍മിക്കുന്നത്. 123 തേജസ്-മാര്‍ക്ക് 1-എ വിമാനങ്ങളാണ് വ്യോമസേന വാങ്ങുക.
വിമാനവാഹിനി കപ്പലുകളില്‍ ഉപയോഗിക്കാനുള്ള തേജസിന്റെ നാവികപ്പതിപ്പ് പരീക്ഷണഘട്ടത്തിലാണ്.