ന്യൂഡല്‍ഹി: ആണവ വിതരണ ഗ്രൂപ്പിലെ അംഗത്വത്തിനായുള്ള ഇന്ത്യന്‍ ശ്രമങ്ങള്‍ക്ക് മുന്നില്‍ തടസ്സവാദങ്ങള്‍ ആവര്‍ത്തിച്ച് ചൈന. അമേരിക്കയെ കൂട്ടുപിടിച്ച് എന്‍എസ്ജി ക്ലബ് അംഗത്വത്തിലേക്ക് നടന്നടുക്കാമെന്ന ഇന്ത്യന്‍ സ്വപ്നങ്ങള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നത് പാകിസ്ഥാനൊപ്പം ചേര്‍ന്ന് ഇന്ത്യക്കെതിരെ ശക്തമായ നിലപാടെടുക്കുന്ന ചൈനയാണ്.
ചൈനയും അമേരിക്കയും തമ്മിലുള്ള തന്ത്രപ്രധാന സാമ്പത്തിക ചര്‍ച്ചയ്‌ക്കൊടുവിലും ഇന്ത്യക്കെതിരായ നിലപാട് മയപ്പെടുത്താന്‍ ചൈന തയ്യാറല്ല. ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ച അവസാനിച്ചത് മികച്ച രീതിയില്‍ അല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
ദക്ഷിണ ചൈന കടലിടുക്കിലെ അസ്വാരസ്യങ്ങളും വ്യവസായിക മേഖലയിലെ ചൈനയുടെ ആശങ്കാ ജനകമായ നയങ്ങളുമെല്ലാം യുഎസ് ഊന്നിപ്പറഞ്ഞപ്പോള്‍ ചൈനയുടെ പ്രതികരണം പോസിറ്റീവായ ഒന്നായിരുന്നില്ല. ചര്‍ച്ചയില്‍ ഇന്ത്യയുടെ എന്‍എസ്ജി അംഗത്വം ഉയര്‍ന്നു വന്നെങ്കിലും നിലപാട് മയപ്പെടുത്താന്‍ ചൈന തയ്യാറായിരുന്നില്ല. ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിച്ച ചൈനീസ് നയതന്ത്ര ഉദ്യോഗസ്ഥര്‍ ഇന്ത്യക്കെതിരായ ചൈനീസ് നിലപാടില്‍ മാറ്റമില്ലെന്ന് അറിയിച്ചു.
ഇന്ത്യ എന്‍പിടി ഉടമ്പടിയില്‍ ഒപ്പുവെയ്ക്കുകയാണെങ്കില്‍ ആണവ ക്ലബ് അംഗത്വത്തെ പിന്താങ്ങാമെന്നാണ് ചൈനയുടെ നിലപാട്. അണുവായുധങ്ങള്‍ പെരുപ്പിക്കാതിരിക്കാനുള്ളതാണ് ഉടമ്പടി. വിവേചനാധികാരം ഉപയോഗിച്ച് ഇന്ത്യ ഇതുവരെ എന്‍പിടി ഉടമ്പടിയില്‍ ഒപ്പ് വെച്ചിട്ടില്ല.
അമേരിക്കയെ പ്രതിനിധീകരിച്ച് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി അടക്കം ഭരണനയതന്ത്ര പ്രമുഖര്‍ ബെയ്ജിംങ് മീറ്റിംഗില്‍ പങ്കെടുത്തിരുന്നു. ചൈന-യുഎസ് ചര്‍ച്ചകള്‍ ജൂണ്‍ 9നും 24നും നടക്കുന്ന വിയന്ന ആണവക്ലബ് മീറ്റിംഗിന് ഗുണം ചെയ്യുമെന്നായിരുന്നു ഇന്ത്യ കരുതിയിരുന്നത്. എന്നാല്‍ ചൈനയുടെ കടുംപിടുത്തം വിയന്നയില്‍ നടക്കുന്ന 48 എന്‍എസ്ജി അംഗരാജ്യങ്ങളുടെ പ്ലീനറി മീറ്റിംഗില്‍ ഇന്ത്യക്ക് വെല്ലുവിളിയാകും.