യുക്രൈനില്‍ നിന്നും ഇന്ത്യയുടെ രണ്ടാം വിമാനം ഡല്‍ഹിയിലെത്തി, 29 മലയാളികളും

ന്യൂഡല്‍ഹി: റൊമേനിയന്‍ തലസ്ഥാനമായ ബുചാറസ്റ്റില്‍ നിന്നുള്ള ഇന്ത്യയുടെ രണ്ടാം വിമാനം ഡല്‍ഹിയിലെത്തി. യുക്രൈനില്‍ കുടുങ്ങിപ്പോയ 251 ഇന്ത്യക്കാരുമായാണ് വിമാനം ഇന്ത്യയില്‍ എത്തിയത്.

സംഘത്തില്‍ 29 മലയാളികളാണ് ഉള്ളത്. വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും വിദേശകാര്യ സഹമന്ത്രി വി മുരളീധരനും ഉള്‍പ്പെടെയുള്ളവര്‍ ഇവരെ സ്വീകരിച്ചു. എഐ1942 വിമാനമാണ് രക്ഷാപ്രവര്‍ത്തനത്തിനായി രാജ്യം അയച്ചത്. പുലര്‍ച്ചെ 2.45ഓടുകൂടിയാണ് വിമാനം ഡല്‍ഹിയില്‍ എത്തിച്ചേര്‍ന്നത്.

നേരത്തെ 219 ഇന്ത്യക്കാരുമായി ആദ്യ വിമാനം മുംബൈയില്‍ എത്തിയിരുന്നു. എയര്‍ ഇന്ത്യ 1944 വിമാനത്തിലാണ് ഇവര്‍ തിരിച്ചെത്തിയത്. സംഘത്തെ കേന്ദ്ര മന്ത്രി പീയുഷ് ഗോയല്‍ സ്വീകരിച്ചു. റഷ്യ ആക്രമണം ശക്തമാക്കിയതിന് പിന്നാലെ ഇന്ത്യയിലേക്ക് തിരിക്കുന്ന ആദ്യ വിമാനമാണിത്.

വന്ദേ ഭാരത് മിഷന്റെ കീഴിലാണ് 256 സീറ്റുകളുള്ള ബോയിംഗ് 787 വിമാനങ്ങള്‍ സര്‍വീസ് നടത്തുകയെന്ന് ഉദ്യോഗസ്ഥര്‍ നേരത്തെ അറിയിച്ചിരുന്നു. ഹംഗേറിയന്‍ തലസ്ഥാനമായ ബുഡാപെസ്റ്റില്‍ നിന്നുള്ള മൂന്നാമത്തെ വിമാനം രാവിലെയോടെ എത്തിച്ചേരും എന്നാണ് പ്രതീക്ഷിക്കുന്നത്. എഐ1940 വിമാനമാണ് ഇതിനായി ഉപയോഗിക്കുന്നത്.

Top