ഇന്ത്യയുടെ ബഹിരാകാശ വിക്ഷേപണ വാഹനം ‘പുഷ്പക്’ വിജയകരമായി ലാന്റ് ചെയ്തു

ഡല്‍ഹി: ഇന്ത്യയുടെ പുനരുപയോഗം സാധ്യമായ ബഹിരാകാശ വിക്ഷേപണ വാഹനം ‘പുഷ്പക്’ വിജയകരമായി റണ്‍വേയില്‍ ലാന്റ് ചെയ്തു. യുഎസിന്റെ സ്പേസ് ഷട്ടിലിന് സമാനമായ എന്നാല്‍ ഒരു എസ് യു വിയുടെ അത്രയും വലിപ്പമുള്ള റീ യൂസബിള്‍ ലോഞ്ച് വെഹിക്കിളാണ് ഐഎസ്ആര്‍ഓ വികസിപ്പിച്ച ‘പുഷ്പക്’. പുഷ്പകിന്റെ രണ്ടാമത്തെ ലാന്റിങ് പരീക്ഷണമാണിത്. ആദ്യ പരീക്ഷണം കഴിഞ്ഞ വര്‍ഷമായിരുന്നു.

വ്യോമസേനയുടെ ചിനൂക് ഹെലികോപ്റ്ററില്‍ 4.5 കിലോമീറ്റര്‍ ഉയരത്തില്‍ എത്തിക്കുകയും വേര്‍പെടുത്തുകയും ചെയ്ത പുഷ്പക് കര്‍ണാടകയിലെ ചിത്രദുര്‍ഗയിലുള്ള എയറോനോട്ടിക്കല്‍ ടെസ്റ്റ് റേഞ്ചിലെ റണ്‍വേയില്‍ സുരക്ഷിതമായി ഇറങ്ങി. റണ്‍വേയില്‍ നിന്ന് 4 കിമീ ഉയരത്തില്‍ വെച്ച് പുഷ്പക് സ്വയം നിയന്ത്രണം ഏറ്റെടുക്കുകയും ബ്രേക്ക് പാരച്യൂട്ടൂം, ലാന്റിങ് ഗിയര്‍ ബ്രേക്കുകളും, നോസ് വീല്‍ സ്റ്റിയറിങ് സംവിധാനവും ഉപയോഗിച്ച് കൃത്യമായി റണ്‍വേയില്‍ ഇറങ്ങുകയും ചെയ്തു.

റീയൂസബിള്‍ ലോഞ്ച് വെഹിക്കിള്‍ സാങ്കേതികവിദ്യ വികസിപ്പിക്കാനുള്ള ഐഎസ്ആര്‍ഒയുടെ ശ്രമങ്ങളുടെ വലിയ മുന്നേറ്റമാണിത്. ഗതിനിര്‍ണയ സംവിധാനങ്ങള്‍, നിയന്ത്രണ സംവിധാനങ്ങള്‍, ലാന്റിങ് ഗിയര്‍ ഉള്‍പ്പടെ തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതിക വിദ്യകളുടെ കാര്യക്ഷമത വീണ്ടും ഈ പരീക്ഷണദൗത്യത്തിലൂടെ ഐഎസ്ആര്‍ഒ പരിശോധിച്ചു.വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രവും, ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റം സെന്റും, ഐഎസ്ആര്‍ഓ ഇനേര്‍ഷ്യല്‍ സിസ്റ്റംസ് യൂണിറ്റും ചേര്‍ന്നാണ് ഈ പരീക്ഷണ ദൗത്യം സംഘടിപ്പിച്ചത്. വ്യോമസേനയുള്‍പ്പടെ വിവിധ ഏജന്‍സികളും ദൗത്യത്തിന് പിന്തുണ നല്‍കി. ദൗത്യത്തിന് നേതൃത്വം നല്‍കിയ സംഘത്തെ ഐഎസ്ആര്‍ഓ മേധാവി എസ്. സോമനാഥ് അഭിനന്ദിച്ചു.

Top