രാജ്‌കോട്ട്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിനം ഇന്ത്യയുടെ തകര്‍പ്പന്‍ തിരിച്ചുവരവ്. രാവിലത്തെ സെഷനില്‍ ഇംഗ്ലീഷ് മുന്‍ നിരയെ വീഴ്ത്താന്‍ ഇന്ത്യയ്ക്ക് സാധിച്ചു. ആദ്യ സെഷന്‍ പൂര്‍ത്തിയാകുമ്പോള്‍ ഇംഗ്ലണ്ട് സ്‌കോര്‍ അഞ്ചിന് 290 റണ്‍സെന്ന നിലയിലാണ്. ക്രീസില്‍ തുടരുന്ന നായകന്‍ ബെന്‍ സ്റ്റോക്‌സിലും ബെന്‍ ഫോക്‌സിലുമാണ് ഇംഗ്ലീഷ് പ്രതീക്ഷകള്‍.
മൂന്നാം ദിനം രണ്ടിന് 207 എന്ന നിലയിലാണ് ഇംഗ്ലണ്ട് ബാറ്റിംഗ് പുഃനരാരംഭിച്ചത്. 18 റണ്‍സെടുത്ത ജോ റൂട്ടിന്റെ വിക്കറ്റാണ് മൂന്നാം ദിനം ഇംഗ്ലണ്ടിന് ആദ്യം നഷ്ടമായത്. പിന്നാലെ ജോണി ബെയര്‍സ്റ്റോ റണ്‍സ് ഒന്നും എടുക്കാതെ പുറത്തായി. 153 റണ്‍സെടുത്ത ബെന്‍ ഡക്കറ്റിന്റെ വിക്കറ്റും രാവിലത്തെ സെഷനില്‍ ഇന്ത്യയ്ക്ക് വീഴ്ത്താന്‍ കഴിഞ്ഞു. റൂട്ടിനെ ബുംറയും ബെയര്‍സ്റ്റോയെയും ഡക്കറ്റിനെയും കുല്‍ദിപ് യാദവും പുറത്താക്കി.
ബെന്‍ സ്റ്റോക്‌സ് 39 റണ്‍സും ബെന്‍ ഫോക്‌സ് ആറ് റണ്‍സുമെടുത്തിട്ടുണ്ട്. അതിനിടെ ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ രവിചന്ദ്രന്‍ അശ്വിന് പകരം ദേവ്ദത്ത് പടിക്കല്‍ കളത്തിലിറങ്ങി. എന്നാല്‍ ബാറ്റിങ്ങോ ബൗളിങ്ങോ പടിക്കലിന് ചെയ്യാന്‍ കഴിയില്ല. ഫീല്‍ഡിംഗില്‍ മാത്രമാണ് ഇന്ത്യയ്ക്ക് കര്‍ണാടക താരത്തിന്റെ സഹായം ലഭിക്കുക. വ്യക്തിപരമായ കാരണത്താല്‍ രവിചന്ദ്രന്‍ അശ്വിന്‍ നാട്ടിലേക്ക് മടങ്ങിയതോടെയാണ് പടിക്കല്‍ കളത്തിലിറങ്ങിയിരിക്കുന്നത്.