ശ്രീനഗര്‍ : പാക് അധീന കാശ്മീരില്‍ ഇന്ത്യന്‍ കമാന്‍ഡോകള്‍ നടത്തിയ ആക്രമണത്തിന്റെ ദൃക്‌സാക്ഷി വിവരണവുമായി ഇന്ത്യന്‍ എക്‌സ്പ്രസ്സ്.
പാക് അധീന കാശ്മീരില്‍ നിയന്ത്രണരേഖയ്ക്കടുത്ത് താമസിക്കുന്ന 5 പേരെ ഇന്ത്യയിലെ ബന്ധുക്കള്‍ വഴി ബന്ധപ്പെട്ടാണ് ഇന്ത്യന്‍ എക്‌സ്പ്രസ്സ് കമാന്‍ഡോ ഓപ്പറേഷന്റെ വിവരങ്ങള്‍ പുറത്തുവിട്ടത്.
സെപ്തംബര്‍ 29 ന് പുലര്‍ച്ചെ സ്‌ഫോടനത്തോടെ നടന്ന ഇന്ത്യയുടെ ആക്രമണത്തിന് ശേഷം പാക് സൈനികര്‍ ട്രക്കുകളില്‍ തീവ്രവാദികളുടെ മൃതദേഹം നീക്കം ചെയ്തതായി കണ്ടതായി ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തിയതായി പത്രം റിപ്പോര്‍ട്ട് ചെയ്തു.
ചല്‍ഹാനയിലായിരുന്നു ഈ ദൃശ്യം കണ്ടത്. ഭുദിനിയായില്‍ കനത്ത വെടിവയ്പ് നടന്നതായും ആക്രമണത്തിന് ശേഷം ഇന്ത്യന്‍ കമാന്‍ഡോകള്‍ ബില്‍ഡിംഗുകളും തീവ്രവാദികളുടെ കൂടാരങ്ങളും തകര്‍ത്തതായും ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ്സ ചൂണ്ടിക്കാട്ടുന്നു. രണ്ട് സര്‍ക്കാരുകളും പുറത്ത് വിടാത്ത കാര്യങ്ങളാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്.
38 മുതല്‍ 50 വരെ ഭീകരര്‍ കൊല്ലപ്പെട്ടിട്ടുണ്ടാകുമെന്ന് ദൃക്‌സാക്ഷികളുടെ വിവരണം.6 ഭീകരരുടെ മൃതദേഹം നീക്കം ചെയ്യുന്നത് നേരിട്ട് കണ്ടതായും പരിസരവാസി വെളിപ്പെടുത്തിയിട്ടുണ്ട്. തകര്‍ക്കപ്പെട്ട ഒരു ബില്‍ഡിംഗ് ലഷ്‌കര്‍ തീവ്രവാദികളുടേതാണെന്നാണ്.
പാക് അധീന കാശ്മീരില്‍ ഇന്ത്യന്‍ കമാന്‍ഡോകള്‍ നടത്തിയ ആക്രമണം സംബന്ധിച്ച് വിവാദങ്ങള്‍ ഉയരുന്നതിനിടെയാണ് വെളിപ്പെടുത്തലുമായി പ്രമുഖ ദേശീയ പത്രംതന്നെ രംഗത്തിറങ്ങിയിരിക്കുന്നത്.
ഇന്ത്യന്‍ അതിര്‍ത്തി കടന്ന് ആക്രമിച്ചിട്ടില്ലെന്ന് പാക്കിസ്ഥാനും ദൃശ്യങ്ങള്‍ പുറത്ത് വിടണമെന്ന് ഇന്ത്യയിലെ പ്രതിപക്ഷ പാര്‍ട്ടികളും ആവശ്യപ്പെട്ട പശ്ചാത്തലത്തില്‍ ദൃശ്യം പുറത്ത് വിടാന്‍ തയ്യാറാണെന്ന് സൈന്യം വ്യക്തമാക്കിയിരുന്നു. അന്തിമ തീരുമാനത്തിനായി പ്രധാനമന്ത്രിയുടെ ഉത്തരവിനായി കാത്തിരിക്കുകയാണ് ഉന്നത സൈനിക ഉദ്യോഗസ്ഥര്‍.
പാക്കിസ്ഥാന് അപ്രതീക്ഷിത പ്രഹരം ഭീകരമായി തന്നെ നല്‍കിയ ദൃശ്യങ്ങള്‍ ഇന്ത്യ പുറത്ത് വിടുന്ന പക്ഷം പാക്കിസ്ഥാന്റെ സകല അവകാശ വാദങ്ങളും തകര്‍ന്നടിയും.
ഇപ്പോള്‍ അതിര്‍ത്തിയില്‍ നിരന്തരം പാക് സേന പ്രകോപനം സൃഷ്ടിക്കുന്നത് ഇന്ത്യയുടെ പ്രഹരം അത്രക്കും നാശം വിതച്ചതുകൊണ്ടും പാക് സൈന്യത്തിന്റെ പ്രതിരോധം പൊളിച്ചടുക്കിയതുകൊണ്ടുമാണ്.
ശക്തമായ സൈനിക വിന്യാസം നടത്തിയിട്ടും അതിര്‍ത്തിക്കുള്ളില്‍ കയറി ആക്രമിച്ച് നാശം വിതച്ച് സുരക്ഷിതമായി ഇന്ത്യന്‍ കമാന്‍ഡോകള്‍ മടങ്ങിയത് പാക് ഭരണകൂടത്തേക്കാളേറെ സൈന്യത്തിനാണ് നാണക്കേടായത്. ഇത് മറച്ചു വയ്ക്കാനായിരുന്നു ആക്രമണം നടന്നിട്ടില്ലെന്ന കള്ള പ്രചാരണവുമായി പാക് സൈന്യം രംഗത്ത് വന്നിരുന്നത്.