ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിന് നാളെ തുടക്കമാകും. പുതിയ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ആദ്യ മത്സരമാണ് ഇത്. രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ഡൊമിനിക്കയില്‍ ആണ് നടക്കുക. വെറ്ററന്‍ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ചേതേശ്വര്‍ പൂജാരയ്ക്ക് പകരമെത്തിയ യശസ്വി പൂജാരയുടെ പൊസിഷനായ മൂന്നാം നമ്പറില്‍ കളിക്കുമെന്നാണ് കരുതപ്പെടുന്നത്.
ഋതുരാജ് ഗെയ്ക്വാദ് ടീമിലുണ്ടെങ്കിലും താരം ബാക്കപ്പ് ഓപ്പണറായതിനാല്‍ കളിക്കാനിടയില്ല. രോഹിത്, ഗില്‍ ഓപ്പണിംഗ് സഖ്യം തുടരും. യശസ്വി മൂന്നാം നമ്പറില്‍ കളിക്കുമ്പോള്‍ കോലി, രഹാനെ എന്നിവര്‍ നാല്, അഞ്ച് നമ്പറുകളില്‍ പാഡണിയും. ശ്രീകര്‍ ഭരതിനെ പുറത്തിരുത്തി ഇഷാന്‍ കിഷനെ വിക്കറ്റ് കീപ്പര്‍ റോളിലേക്ക് പരിഗണിച്ചേക്കും. ജഡേജ, അശ്വിന്‍ എന്നിവര്‍ അടുത്ത സ്ഥാനങ്ങളില്‍. ശാര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍ അല്ലെങ്കില്‍ ജയ്‌ദേവ് ഉനദ്കട്ട് എന്നിവരാവും പേസ് ഓപ്ഷനുകള്‍.
ക്രെയ്ഗ് ബ്രാത്വെയ്റ്റിന്റെ കീഴില്‍ ഇറങ്ങുന്ന വിന്‍ഡീസ് ശുഭകരമായ അവസ്ഥയിലല്ല. ഏകദിന ലോകകപ്പ് യോഗ്യത നേടാനാതെ പോയ വിന്‍ഡീസ് പരമ്പര സമനിലയെങ്കിലുമാക്കാനാവും ഇറങ്ങുക. ബ്രാത്വെയ്റ്റിനൊപ്പം ടാഗെനരൈന്‍ ചന്ദര്‍പോള്‍ ഓപ്പണറാവും. കിര്‍ക് മക്കന്‍സി, അലിക്ക് അതനാസെ, ജെര്‍മൈന്‍ ബ്ലാക്ക്വുഡ്, റഖീം കോണ്‍വാള്‍, ജേസന്‍ ഹോള്‍ഡള്‍, ജോഷ്വ ഡിസില്‍വ എന്നിവര്‍ക്കൊപ്പം ഷാനോന്‍ ഗബ്രിയേല്‍, അല്‍സാരി ജോസഫ്, കെമാര്‍ റോച്ച് എന്നീ സ്‌പെഷ്യലിസ്റ്റ് പേസര്‍മാരും ടീമില്‍ കളിക്കും. മക്കന്‍സി, ഹോള്‍ഡര്‍ എന്നിവര്‍ പേസ് ഓപ്ഷനും കോണ്‍വാള്‍ സ്പിന്‍ ഓപ്ഷനുമാണ്.