വനിതാ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഇന്ത്യക്ക് ജയം ; ഓസ്‌ട്രേലിയയെ എട്ട് വിക്കറ്റിന് തോല്‍പിച്ചു

മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് ജയം. ഏക ടെസ്റ്റ് മത്സരത്തില്‍ ഓസ്ട്രേലിയയെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തി ടീം ഇന്ത്യ. 75 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗിന് തുടങ്ങിയ ഇന്ത്യ 18.4 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. വനിതാ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയുടെ ആദ്യ വിജയമാണിത്.

മത്സരത്തിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ ഓസ്ട്രേലിയ 219 റണ്‍സിന് എല്ലാവരും പുറത്തായിരുന്നു. ഒന്നാം ഇന്നിംഗ്‌സില്‍ വന്‍ ലീഡ് നേടിയ ഇന്ത്യ, 406 റണ്‍സെടുത്തു. രണ്ടാം ഇന്നിംഗ്‌സില്‍ ഓസ്ട്രേലിയന്‍ വനിതകള്‍ കരുതലോടെ ബാറ്റ് ചെയ്തെങ്കിലും ടീം 261 റണ്‍സിന് എല്ലാവരും പുറത്തായി. ഇതോടെ 75 റണ്‍സിന്റെ വിജയലക്ഷ്യം ആതിഥേയര്‍ അനായാസം പിന്തുടരുകയായിരുന്നു.

75 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് ലക്ഷ്യം കണ്ടത്. 38 റണ്‍സെടുത്ത സ്മൃതി മന്ദാനയും 12 റണ്‍സെടുത്ത ജമീമ റോഡ്രിഗസും പുറത്താകാതെ നിന്നു. നാല് റണ്‍സെടുത്ത ഷഫാലി വര്‍മയും 13 റണ്‍സെടുത്ത റിച്ചാഘോഷുമാണ് പുറത്തായി. ഇന്ത്യയും ഓസ്ട്രേലിയന്‍ വനിതാ ടീമും തമ്മിലുള്ള ആദ്യ ടെസ്റ്റ് 1977ലാണ് നടന്നത്. അന്നുമുതല്‍ ഇന്നുവരെ പൂര്‍ത്തിയായ 10 ടെസ്റ്റുകളിലെ ആദ്യ വിജയമാണിത്.

Top