കോമണ്‍വെൽത്ത് ഗെയിംസിൽ ഓസീസിനെതിരെ ഇന്ത്യയുടെ വനിതാ ഹോക്കി സെമി ഇന്ന്

ബര്‍മിംഗ്‌ഹാം: കോമണ്‍വെൽത്ത് ഗെയിംസ് വനിതാ ഹോക്കി സെമിഫൈനൽ മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങും. ഓസ്ട്രേലിയയാണ് എതിരാളികൾ. രാത്രി പന്ത്രണ്ടരയ്ക്കാണ് മത്സരം. ജയിച്ചാൽ ഇന്ത്യക്ക് മെഡൽ ഉറപ്പിക്കാം. ടോക്കിയോ ഒളിംപിക്‌സില്‍ ഓസീസ് വനിത ടീമിനെ 1-0ന് പരാജയപ്പെടുത്തിയ ചരിത്രം ഇന്ത്യക്കുണ്ട്. ഇത് ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയിലാണ് സവിതാ പൂനിയയും സംഘവും.

ടോക്കിയോ ഒളിംപിക്‌സില്‍ ആദ്യ മൂന്ന് കളികളും തോറ്റാണ് ഇന്ത്യന്‍ വനിതാ ഹോക്കി ടീം തുടങ്ങിയത്. പിന്നീട് അയര്‍ലന്‍ഡിനെയും ദക്ഷിണാഫ്രിക്കയെയും വീഴ്ത്തി ഗ്രൂപ്പില്‍ നാലാം സ്ഥാനക്കാരായാണ് ക്വാര്‍ട്ടറിലെത്തുകയായിരുന്നു. ക്വാര്‍ട്ടറില്‍ കരുത്തരായ ഓസ്ട്രേലിയയെ ഒരു ഗോളിന് അട്ടിമറിച്ച് ചരിത്രത്തിലാദ്യമായി ഒളിംപിക്‌സ് സെമിയിലെത്തി ചരിത്രം കുറിച്ചു. സെമിയില്‍ അര്‍ജന്‍റീനയോടും വെങ്കല മെഡല്‍ പോരാട്ടത്തില്‍ ബ്രിട്ടനോടും പൊരുതി കീഴടങ്ങിയെങ്കിലും പെണ്‍പട ഇന്ത്യന്‍ ജനതയുടെ ഹൃദയം കവര്‍ന്നാണ് ടോക്കിയോയിൽ നിന്നും മടങ്ങിയത്. വെങ്കലപ്പോരാട്ടത്തില്‍ മികച്ച മത്സരം പുറത്തെടുത്തെങ്കിലും ബ്രിട്ടനോട് 3-4ന് തോല്‍വി വഴങ്ങുകയായിരുന്നു.

പുരുഷ ഹോക്കിയിലും ഇന്ത്യ സെമിയിൽ എത്തിയിട്ടുണ്ട്. അവസാന ഗ്രൂപ്പ് മത്സരത്തിൽ വെയിൽസിനെ ഒന്നിനെതിരെ നാല് ഗോളിന് തോൽപ്പിച്ചാണ് ഇന്ത്യയുടെ സെമി പ്രവേശം. ശനിയാഴ്ചയാണ് പുരുഷന്‍മാരുടെ സെമി പോരാട്ടം.

Top