ഉത്തരകാശി: ഉത്തരകാശിയിലെ സില്‍ക്യാരയില്‍ നിര്‍മാണത്തിലിരുന്ന തുരങ്കം തകര്‍ന്ന് കുടുങ്ങി തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ വിജയത്തിനരികിലെന്ന് സൂചന. തുരങ്കം തുളയ്ക്കാന്‍ ഇനി 18 മീറ്റര്‍ കൂടി മാത്രമേയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു. കൂറ്റന്‍ ആഗര്‍യന്ത്രം ഉപയോഗിച്ചാണ് തുരങ്കം തുളയ്ക്കുന്നത്. ‘അടുത്ത 24 മണിക്കൂറിനുള്ളില്‍, അതായത് ഇന്ന് രാത്രിയിലോ അല്ലെങ്കില്‍ നാളെയോ ഒരു വലിയ വാര്‍ത്ത പ്രതീക്ഷിക്കാം’ രക്ഷാദൗത്യസംഘം അറിയിച്ചു.
കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ക്ക് ആദ്യം തിരിച്ചടിയായത് അവശിഷ്ടങ്ങള്‍ക്കിടയിലെ സ്റ്റീല്‍ കഷണങ്ങളും പാറക്കല്ലുകളും. നവംബര്‍ 12-ന് കൂറ്റന്‍ ആഗര്‍യന്ത്രം ഉപയോഗിച്ച് ആരംഭിച്ച തുളയ്ക്കല്‍ തുരങ്കം കൂടുതല്‍ തകരാനിടയാക്കുമെന്നും തൊഴിലാളികളുടെ ജീവന് ഭീഷണിയാകുമെന്നും കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നിര്‍ത്തിവെച്ചത്. തുടര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്ന പ്രദേശം ശക്തിപ്പെടുത്തിയാണ് ഡ്രില്ലിങ് പുനരാരംഭിച്ചത്.തുരങ്കത്തില്‍ കുടുങ്ങിയ 41 തൊഴിലാളികളും സുരക്ഷിതരാണെന്ന് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. തുരങ്കത്തിനകത്തേക്ക് തിങ്കളാഴ്ച സ്ഥാപിച്ച കുഴലിലൂടെ എന്‍ഡോസ്‌കോപിക് ക്യാമറ കടത്തി തൊഴിലാളികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തി. മറ്റൊരു നാലിഞ്ച് കംപ്രസര്‍ ട്യൂബ് വഴി തൊഴിലാളികള്‍ പുറത്തുള്ള ബന്ധുക്കളുമായി സംസാരിക്കുകയും ചെയ്തിരുന്നു.
’39 മീറ്റര്‍ ഡ്രില്ലിംഗ് പൂര്‍ത്തിയായി എന്നതില്‍ എനിക്ക് വളരെ സന്തോഷമുണ്ട്. തൊഴിലാളികള്‍ 57 മീറ്റര്‍ അടിയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് കണക്കാക്കുന്നത്. ഇനി 18 മീറ്റര്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ’, ഉത്തരാഖണ്ഡ് റോഡ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍ മഹമൂദ് അഹമ്മദ് പറഞ്ഞു.തുളയ്ക്കാന്‍ അധികം സമയമെടുക്കില്ല. 18 മീറ്റര്‍ പൈപ്പുകള്‍, അതായത് മൂന്ന് ഭാഗങ്ങള്‍ ഉള്ളിലെത്തിക്കാന്‍ ഏകദേശം 15 മണിക്കൂര്‍ എടുത്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.തൊഴിലാളികള്‍ ആരോഗ്യവാന്മാരാണെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്. കുഴലിലൂടെ തുരങ്കത്തിനുള്ളിലെത്തിച്ച ഭക്ഷണ സാധനങ്ങള്‍ അവര്‍ സ്വീകരിക്കുന്നതും പരസ്പരം സംസാരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. തൊഴിലാളികളുമായി വാക്കി-ടോക്കികള്‍ വഴിയാണ് ദൗത്യ സംഘത്തിലെ ഉദ്യോഗസ്ഥര്‍ സംസാരിക്കുന്നത്.