എത്ര തിരിച്ചടി കിട്ടിയാലും പഠിക്കാത്ത ഒരു പാര്‍ട്ടി ഉണ്ടെങ്കില്‍ അതു കോണ്‍ഗ്രസ്സാണ്. രാജ്യം ഏറ്റവും കൂടുതല്‍ കാലം അടക്കി ഭരിച്ച ആ പാര്‍ട്ടി ഇപ്പോള്‍ ഭരിക്കുന്നത് വെറും രണ്ട് സംസ്ഥാനങ്ങളില്‍ മാത്രമാണ്. അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം കൂടി പുറത്തു വന്നതോടെ കയ്യിലുള്ള പഞ്ചാബിലെ ഭരണം കൂടി കോണ്‍ഗ്രസ്സിനു നഷ്ടമായിരിക്കുകയാണ്. കോണ്‍ഗ്രസ്സിനായി ‘പട’ നയിച്ച രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ഉള്ള പ്രതിച്ഛായ കൂടിയാണ് ഇതോടെ നഷ്ടമായിരിക്കുന്നത്. തോല്‍വി ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത കോണ്‍ഗ്രസ്സ് പ്രവര്‍ത്തക സമിതിയോഗത്തിലും പ്രതീക്ഷിച്ച പോലെ ഒന്നും സംഭവിച്ചിട്ടില്ല. ഇടക്കാല അധ്യക്ഷയായി സോണിയ ഗാന്ധി തന്നെ തുടരാനാണ് യോഗ തീരുമാനം.
എത്ര തിരിച്ചടി കിട്ടിയാലും സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ഉള്‍പ്പെടെ ആര്‍ക്കും ഒരു ചുക്കും സംഭവിക്കാന്‍ പോകുന്നില്ലന്നത് വ്യക്തം. അതാണ് കോണ്‍ഗ്രസ്സ് …. അവസാനത്തെ ജനപ്രതിനിധിയും വീഴും വരെ ഈ പോക്ക് തന്നെ ആ പാര്‍ട്ടി പോകും. ആര്‍ക്കും ഒരു സംശയവും ഇക്കാര്യത്തില്‍ ഉണ്ടാവേണ്ടതില്ല. കോണ്‍ഗ്രസ്സിലെ വീരശൂര പരാക്രമികളായ ജി-23 വിഭാഗം നേതാക്കളും നിലവില്‍ ആയുധം വച്ച് കീഴടങ്ങിയ മട്ടാണുള്ളത്. നേതൃത്വം മാറില്ലന്ന് വ്യക്തമായതോടെ സ്വയം ‘മാറാനുള്ള’ നീക്കമാണിപ്പോള്‍ ഈ വിഭാഗവും നടത്തി കൊണ്ടിരിക്കുന്നത്.
ജി-23 വിഭാഗത്തില്‍ പ്രധാനമായും ഗുലാംനബി ആസാദ്, മുകുല്‍ വാസ്‌നിക്ക്, ശശി തരൂര്‍, രാജ്യസഭാ ഉപനേതാവ് ആനന്ദ് ശര്‍മ, മുന്‍ കേന്ദ്രമന്ത്രി കപില്‍ സിബല്‍, ഹരിയാന മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡ, യുപി മുന്‍ പിസിസി അധ്യക്ഷനായിരുന്ന രാജ് ബബ്ബര്‍, വിവേക് തന്‍ഖ, മനീഷ് തിവാരി, ജിതേന്ദ്ര പ്രസാദ്, എം വീരപ്പമൊയ്‌ലി, പൃഥ്വിരാജ് ചൗഹാന്‍, പി ജെ കുര്യന്‍, അജയ് സിംഗ്, രേണുക ചൗധരി, മിലിന്ദ് ദിയോറ, തുടങ്ങിയവരാണുള്ളത്.
സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ അടക്കം പരാജയത്തിന് ഉത്തരവാദികളായ നേതാക്കളെ മുഴുവന്‍ എത്രയും വേഗം മാറ്റണമെന്ന ആവശ്യമാണ് ജി 23 വിഭാഗം ഉയര്‍ത്തിയിരുന്നത്. എന്നാല്‍ ഈ വാദം പ്രവര്‍ത്തക സമിതിയില്‍ ഉന്നയിക്കുന്നതില്‍ വിമത നേതാക്കള്‍ തന്നെ ദയനീയമായി പരാജയപ്പെട്ടിരിക്കുകയാണ്. ജി-23 ന്റെ നീക്കം മുന്‍കൂട്ടി കണ്ട് ഔദ്യോഗിക വിഭാഗം സംഘടിതമായി നിലയുറപ്പിച്ചതാണ് നെഹറു കുടുംബത്തിനും കെ.സി വേണുഗോപാലിനും തല്‍ക്കാലം രക്ഷയായിരിക്കുന്നത്. ഓഗസ്റ്റ് 20നു സംഘടനാ തിരഞ്ഞെടുപ്പിലൂടെ പുതിയ പ്രസിഡന്റിനെ കണ്ടെത്തും വരെ തലപ്പത്ത് സോണിയ ഗാന്ധി തന്നെ തുടരട്ടെ എന്നാണ് പ്രവര്‍ത്തക സമിതി നിലവില്‍ തീരുമാനിച്ചിരിക്കുന്നത്.
എ.ഐ.സി.സിയുടെ കടിഞ്ഞാണ്‍ വീണ്ടും രാഹുല്‍ ഗാന്ധിയില്‍ തന്നെ എത്തുന്നതിന്റെ സൂചനയാണിത്. അതായത്, എന്തു തന്നെ സംഭവിച്ചാലും നേതൃത്വം തിരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന സന്ദേശം കൂടിയാണിത്. ഇതോടെ,’ കളം’ മാറി ചവിട്ടാനാണ് വിമത നേതാക്കള്‍ ശ്രമം തുടങ്ങിയിരിക്കുന്നത്. അവരുടെ പ്രതികരണത്തില്‍ അതും വ്യക്തമാണ്. ലോകസഭ തിരഞ്ഞെടുപ്പിന് മുന്‍പ് പ്രമുഖ കോണ്‍ഗ്രസ്സ് നേതാക്കള്‍ ബി.ജെ.പി എ.എ.പി പാര്‍ട്ടികളില്‍ ചേക്കേറുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്. ശശിതരൂര്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ്സ് വിടുമെന്ന അഭ്യൂഹവും ഇതിനകം തന്നെ ശക്തമായിട്ടുണ്ട്.
യു.പി നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപി വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് രംഗത്തു വന്ന ശശി തരൂരിന്റെ നടപടി രാഷ്ട്രീയ കേന്ദ്രങ്ങളെയും അമ്പരപ്പിച്ചിട്ടുണ്ട്. സാധാരണ ഒരു അഭിനന്ദനം എന്നതിലുപരി മോദിയെ പ്രത്യേകം പ്രകീര്‍ത്തിക്കാനും തരൂര്‍ തയ്യാറായിട്ടുണ്ട്. ‘അസാമാന്യമായ പ്രഭാവവും ഊര്‍ജവും ഉള്ള ആളാണ് പ്രധാനമന്ത്രിയെന്നും യു.പിയിലെ മികച്ച വിജയത്തിന്റെ കീര്‍ത്തി പ്രധാനമന്ത്രിക്ക് അവകാശപ്പെട്ടതാണെന്നുമാണ്” തരൂര്‍ പ്രതികരിച്ചിരിക്കുന്നത്. കോണ്‍ഗ്രസ്സ് ഭരിക്കുന്ന രാജസ്ഥാനില്‍ വച്ചായിരുന്നു ഈ മോദി സ്തുതി എന്നതും ശ്രദ്ധേയമാണ്. ജയ്പുര്‍ സാഹിത്യോത്സവത്തിലായിരുന്നു, കോണ്‍ഗ്രസ്സിനെ പ്രതിരോധത്തിലാക്കിയ അഭിപ്രായ പ്രകടനം തരൂര്‍ നടത്തിയിരുന്നത്.
‘ഇത്രയും വലിയൊരു മാര്‍ജിനില്‍ ബി.ജെ.പി വിജയിക്കുമെന്ന് ഞങ്ങള്‍ കണക്കു കൂട്ടിയിരുന്നില്ലന്നും പക്ഷേ മോദിക്ക് അതിനു സാധിച്ചെന്നും അദ്ദേഹം കൂട്ടി ചേര്‍ക്കുകയുണ്ടായി. ഇന്ന് ബിജെപിക്ക് വേണ്ടത് വോട്ടര്‍മാര്‍ നല്‍കിയെന്നു വ്യക്തമാക്കിയ തരൂര്‍ ഇന്ത്യയിലെ വോട്ടര്‍മാര്‍ക്ക് അമ്പരപ്പിക്കാനുള്ള കഴിവുണ്ടെന്നും ഒരിക്കല്‍ അവര്‍ ബിജെപിയെയും അമ്പരപ്പിക്കുമെന്നു പറഞ്ഞപ്പോള്‍ പോലും കോണ്‍ഗ്രസ്സ് തിരിച്ചു വരുമെന്ന് പറയാന്‍ തയ്യാറായിരുന്നില്ല.
തരൂര്‍, ബി.ജെ.പിയിലോ അതല്ലങ്കില്‍ എ.എ.പി പാളയത്തിലേക്കോ എത്തുമെന്നതിന്റെ സൂചനയായാണ് അദ്ദേഹത്തിന്റെ പ്രസ്താവനയെ വിലയിരുത്തപ്പെടുന്നത്. സാധ്യത കൂടുതല്‍ ബി.ജെ.പിയിലേക്കു തന്നെയാണ് രാഷ്ട്രീയ നിരീക്ഷകരും കാണുന്നത്. ബി.ജെ.പി പിന്തുണ ഉണ്ടെങ്കില്‍ തിരുവനന്തപുരത്ത് നിന്നും വീണ്ടും ജയിക്കാമെന്ന കണക്കു കൂട്ടലും ഒരുപക്ഷേ തരൂരിനുണ്ടാകും. അതല്ലങ്കില്‍ രാജ്യസഭയില്‍ തരൂരിനെ എത്തിക്കാനും ബി.ജെ.പി വിചാരിച്ചാല്‍ പ്രയാസമുണ്ടാകുകയില്ല.
കേന്ദ്രത്തില്‍ മോദി മൂന്നാമതും അധികാരത്തില്‍ വന്നാല്‍ കാബിനറ്റ് റാങ്കോടെ മന്ത്രിയാകാനും അത്തരമൊരു സാഹചര്യത്തില്‍ തരൂരിന് എളുപ്പത്തില്‍ കഴിയും. മോദി ഉള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കളുമായി തരൂരിനുള്ള ബന്ധവും അദ്ദേഹത്തിന് ഗുണം ചെയ്‌തേക്കും. ശശിതരൂരിനെ സംബന്ധിച്ചും ബി.ജെ.പി വെറുക്കപ്പെട്ട പാര്‍ട്ടി ഒന്നുമല്ല. സുനന്ദ പുഷ്‌ക്കര്‍ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഉള്‍പ്പെടെ കേന്ദ്ര സര്‍ക്കാറില്‍ നിന്നും ഒരു ‘പക പോക്കല്‍’ നിലപാട് ഇതുവരെ തരൂരിനെതിരെ ഉണ്ടായിട്ടില്ല. തരൂര്‍ സഹകരിക്കാന്‍ തയ്യാറായാല്‍ അദ്ദേഹത്തെ ഉപയോഗപ്പെടുത്താന്‍ തന്നെയാണ് ബി.ജെ.പി തീരുമാനിക്കുക. അക്കാര്യവും ഉറപ്പാണ്. യു.എന്നിലെ തരൂരിന്റെ പരിചയം ഉപയോഗപ്പെടുത്താന്‍ തീര്‍ച്ചയായും അവരും ശ്രമിച്ചേക്കും.
തരൂരിന്റെ കാര്യം ഇങ്ങനെയാണെങ്കില്‍ മറ്റു കോണ്‍ഗ്രസ്സ് നേതാക്കളിലും സമാനമായ മനംമാറ്റം പ്രകടമാണ്. ഇതില്‍ രാഹുല്‍ ഗാന്ധി ഏറെ ഭയപ്പെടുന്നത് സച്ചിന്‍ പൈലറ്റിന്റെ കാര്യത്തിലാണ്. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടുമായി കടുത്ത ഭിന്നതയിലുള്ള സച്ചിന്‍ നേരത്തെ ബി.ജെ.പിയിലേക്ക് ചേക്കേറാന്‍ ശ്രമം നടത്തിയപ്പോള്‍ രാഹുലും പ്രിയങ്കയും ഇടപെട്ടാണ് തടഞ്ഞിരുന്നത്. എന്നാല്‍ പുതിയ സാഹചര്യത്തില്‍ സച്ചിന്‍ പൈലറ്റും കാവിയണിയാന്‍ സാധ്യത ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ രാജസ്ഥാനിലെ കോണ്‍ഗ്രസ്സ് ഭരണത്തിനു കൂടിയാണ് അന്ത്യമാവുക. ഗുലാംനബി ആസാദ് ഉള്‍പ്പെടെയുള്ള ഏ 23യിലെ മറ്റു മുതിര്‍ന്ന നേതാക്കളും കടുത്ത അതൃപ്തിയിലാണുള്ളത്. ഇവരെ ലക്ഷ്യമിട്ടും ബി.ജെ.പി നീക്കങ്ങള്‍ സജീവമാണ്.
രാജ്യത്ത് കോണ്‍ഗ്രസ്സിന് ഇനി ഭാവിയില്ലന്ന തിരിച്ചറിവ് കേരളത്തിലെ യു.ഡി.എഫിലും പ്രതിഫലിച്ചു തുടങ്ങിയിട്ടുണ്ട്. കോണ്‍ഗ്രസ്സ് നേതാക്കള്‍ മാത്രമല്ല മുസ്ലീം ലീഗ് നേതാക്കളും കടുത്ത ആശങ്കയിലാണുള്ളത്. ഇടതുപക്ഷം അനുകൂലമായി പ്രതികരിച്ചാല്‍ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ ചാടാന്‍ റെഡിയായാണ് നില്‍ക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസ്സ് ഉന്മൂലനം കമ്യൂണിസ്റ്റുകളുടെ ലക്ഷ്യമല്ലാത്തതിനാല്‍ കൂറുമാറ്റത്തെ ഇടതുപക്ഷം പ്രോത്സാഹിപ്പിക്കുന്നില്ല എന്നതാണ് വസ്തുത. ഇക്കാര്യത്തിലും മറ്റു പാര്‍ട്ടികളില്‍ നിന്നും വ്യത്യസ്തമായിരിക്കുകയാണ് സി.പി.എം . . .
EXPRESS KERALA VIEW