മുംബൈ: 2022 ലെ അവസാന വ്യാപാര ദിനത്തിൽ ഇന്ത്യൻ ഇക്വിറ്റി ബെഞ്ച്മാർക്കുകൾ ഇടിഞ്ഞു. എന്നാൽ സാമ്പത്തിക വിപണിയിലെ ഏറ്റവും കഠിനമായ സാഹചര്യങ്ങളിൽ പോലും ആഭ്യന്തര വിപണി മറ്റുള്ള വിപണികളേക്കാൾ മികച്ച പ്രകടനം കാഴ്ചവെച്ചു. റഷ്യ-ഉക്രെയ്ൻ യുദ്ധം, ഉയർന്ന ആഗോള പണപ്പെരുപ്പവും അതിന്റെ ഫലമായി ലോകമെമ്പാടുമുള്ള സെൻട്രൽ ബാങ്കുകളുടെ പലിശ നിരക്ക് വർദ്ധനയും വിപണിയെ ഉലച്ചു.
വിപണിയിൽ ഇന്ന് ബിഎസ്ഇ സെൻസെക്‌സ് സൂചിക 293.14 പോയിന്റ് അഥവാ 0.48 ശതമാനം ഇടിഞ്ഞ് 60,840.74 ൽ അവസാനിച്ചു. എൻഎസ്ഇ നിഫ്റ്റി സൂചിക 85.70 പോയിന്റ് അഥവാ 0.47 ശതമാനം ഇടിഞ്ഞ് 18,105.30 ൽ അവസാനിച്ചു.
വർഷാവസാനത്തിൽ ഏഷ്യൻ വിപണിയിൽ ടോക്കിയോ ഓഹരികൾ നഷ്ടത്തിലാണ് അതേസമയം ചൈനയും ഹോങ്കോങ്ങും നേട്ടങ്ങൾ ഉണ്ടാക്കി. യൂറോപ്യൻ വിപണികൾ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.
എഫ്എംസിജി, പ്രൈവറ്റ് ബാങ്ക് സൂചികകൾ ഏറ്റവും കൂടുതൽ നഷ്ടം ഉണ്ടാക്കി. അതേസമയം, പൊതുമേഖലാ ബാങ്ക്, ലോഹം, മാധ്യമങ്ങൾ എന്നിവ നേട്ടമുണ്ടാക്കി.
ഓഹരികളിൽ, ബജാജ് ഫിൻസെർവ്, ബജാജ് ഓട്ടോ, ടൈറ്റൻ, കോൾ ഇന്ത്യ, ഒ എൻ ജി സി എന്നിവ ഇന്നത്തെ സെഷനിൽ മികച്ച നേട്ടം രേഖപ്പെടുത്തി, എസ്ബിഐ ലൈഫ്, ഐഷർ മോട്ടോഴ്‌സ്, ഗ്രാസിം, ഐസിഐസിഐ ബാങ്ക് എന്നിവ വിപണിയിലെ തകർച്ചയ്ക്ക് കാരണമായി.
2022-ൽ രണ്ട് സൂചികകളും ഏകദേശം 5 ശതമാനം നേട്ടം കൈവരിച്ചു. 2022 ൽ ഇന്ത്യൻ ഇക്വിറ്റി മാർക്കറ്റിനെ ബാങ്കിംഗ്, ഓട്ടോ, എഫ്എംസിജി, മെറ്റൽ മേഖലകൾ പിന്തുണച്ചു, കൂടാതെ വിദേശ പോർട്ട്ഫോളിയോ നിക്ഷേപകരുടെ (എഫ്പിഐ) ശക്തമായ തിരിച്ചുവരവും ഉണ്ടായി.