ന്യൂഡല്‍ഹി: ആക്ഷേപ ഹാസ്യകലാകാരന്‍ കുണാല്‍ കാംറയെ വിലക്കിയ മാനേജ്‌മെന്റെ നടപടിക്കെതിരെ ഇന്‍ഡിഗോ വിമാനത്തിലെ പൈലറ്റ്.
മാധ്യമപ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമിയെ ഇന്‍ഡിഗോ വിമാനത്തില്‍ ചോദ്യംചെയ്തതിനാണ് കുണാല്‍ കാംറയ്ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയത്.
വിമാനത്തിന്റെ പൈലറ്റ് എന്ന നിലയില്‍ തന്നോട് കാര്യങ്ങള് അന്വേഷിക്കാതെ യാത്രക്കാരനെ വിലക്കിയ നടപടിയില്‍ എതിര്‍പ്പറിയിച്ച് പൈലറ്റ് മാനേജ്‌മെന്റിന് കത്തയച്ചു.
വിമാനത്തിലെ മുഖ്യ പൈലറ്റായ തന്നോട് കാര്യങ്ങള് അന്വേഷിക്കാതെ സോഷ്യല്‍ മീഡിയ പോസറ്റുകള്‍ മാത്രം കണക്കിലെടുത്ത് യാത്രക്കാരനെതിരേ നടപടിയെടുത്തതില്‍ താന്‍ നിരാശനാണെന്ന് കത്തില്‍ പൈലറ്റ് ചൂണ്ടിക്കാട്ടി. തന്റെ ഒമ്പത് വര്‍ഷത്തെ കരിയറിലെ അപൂര്‍വ്വ സംഭവമാണിതെന്നും പൈലറ്റ് വ്യക്തമാക്കി
ചൊവ്വാഴ്ച ഇന്‍ഡിഗോയുടെ മുംബൈ-ലഖ്‌നൗ വിമാനത്തിലാണ് അര്‍ണബിനെ കാംറ പരിഹസിച്ചത്. അര്‍ണബ് നിങ്ങളൊരു ഭീരുവാണോ അതോ മാധ്യമപ്രവര്‍ത്തകനോ എന്നു ചോദിക്കുന്ന വീഡിയോ കാംറതന്നെ ട്വിറ്ററിലിട്ടു.
ഇതേത്തുടര്‍ന്ന് ഇന്‍ഡിഗോ ചൊവ്വാഴ്ച തന്നെ കാംറയ്ക്ക് ആറുമാസത്തെ യാത്രവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ എയര്‍ ഇന്ത്യ, സ്‌പൈസ്‌ജെറ്റ്, ഗോ എയര്‍ എന്നീ കമ്പനികളും കാംറയ്ക്ക് വിമാനത്തില്‍ താത്കാലിക വിലക്കേര്‍പ്പെടുത്തിയിരുന്നു.