ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ജീവന്‍ അപകടത്തിലെന്നു തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വം.
മമത ബാനര്‍ജി സഞ്ചരിച്ച വിമാനം ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് അടിയന്തരമായി നിലത്തിറക്കേണ്ടിവന്നതിന്റെ പശ്ചാത്തലത്തിലാണ് തൃണമൂലിന്റെ ആരോപണം.
തൃണമൂല്‍ അംഗം ഡെറിക് ഒബ്രിയാനാണ് വിഷയം രാജ്യസഭയില്‍ ഉന്നയിച്ചത്.
കൊല്‍കത്തയിലെ ഡും ഡും വിമാനത്താവളത്തിലാണ് മമത സഞ്ചരിച്ച വിമാനം എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തിയത്.
പാറ്റ്‌നയില്‍നിന്ന് മമതയുമായി ഇന്‍ഡിഗോ വിമാനം ബുധനാഴ്ച വൈകിട്ട് 7.35നാണ് കൊല്‍കത്തയിലേക്കു പുറപ്പെട്ടത്. വിമാനത്താവളത്തിനടുത്തെത്തിയെങ്കിലും ഇറങ്ങാന്‍ അനുമതി ലഭിച്ചില്ല.
ഇത്തരത്തില്‍ ഏഴു വിമാനങ്ങള്‍ ആകാശത്തു പറക്കുന്നുണ്ടായിരുന്നു. എന്നാല്‍ കുറച്ചുസമയത്തിനുശേഷം വിമാനത്തില്‍ ഇന്ധനം കുറഞ്ഞതിനെ തുടര്‍ന്ന് അടിയന്തരമായി നിലത്തിറക്കാന്‍ എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ പൈലറ്റ് അനുമതി തേടുകയായിരുന്നു. 8.45ന് വിമാനം സുരക്ഷിതമായി നിലത്തിറക്കി.
സംഭവത്തില്‍ വ്യോമയാനമന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. എന്നാല്‍ വിമാനത്തില്‍ ഇന്ധനം തീര്‍ന്നെന്ന പൈലറ്റിന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്ന് ഇന്‍ഡിഗോ വൃത്തങ്ങള്‍ അറിയിച്ചു.
എട്ടു മിനിറ്റുകൂടി പറക്കാനുള്ള ഇന്ധനമേ വിമാനത്തിലുള്ളുവെന്ന് പൈലറ്റ് അറിയിക്കുക മാത്രമാണ് ചെയ്തതെന്ന് കമ്പനി അറിയിച്ചു.