ദില്ലി: ഇന്‍ഡിഗോ വിമാനക്കമ്പനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് രംഗത്ത്. ഇന്‍ഡിഗോ വിമാനക്കമ്പനി ലംഘിച്ചതായി കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ആരോപിച്ചു. യാത്രക്കാരോട് വോട്ട് ചെയ്യുന്നതിന് അഭ്യര്‍ഥിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമാനക്കമ്പനി പ്രശംസിച്ചതായി ജയറാം രമേശ് പറഞ്ഞു. അഞ്ച് സംസ്ഥാനങ്ങളില്‍ ഈ മാസം തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ ഇന്‍ഡിഗോയുടെ നടപടി പെരുമാറ്റച്ചട്ട ലംഘനമാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ആഴ്ച ഐസ്വാളിലേക്കും ദില്ലിയിലേക്കും ഇന്‍ഡിഗോയില്‍ യാത്ര ചെയ്തു. രണ്ട് തവണയും ക്യാബിന്‍ ക്രൂവിന്റെ അറിയിപ്പില്‍ അപ്രസക്തമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിക്കുന്നുണ്ടായിരുന്നു.
ഒരു പ്രധാനമന്ത്രിയും തന്റെ സ്വന്തം പ്രതിച്ഛായ ഉയര്‍ത്തിപ്പിടിക്കാന്‍ പൊതുജനങ്ങളുടെ ഇത്തരം കാര്യങ്ങള്‍ ചെയ്തിട്ടില്ല. അതും തെരഞ്ഞെടുപ്പിന് തൊട്ടുമുമുമ്പ്. സിവില്‍ ഏവിയേഷന്‍ മന്ത്രിയുടെ അടിമ മനോഭാവവും വിമാനക്കമ്പനിയുടെ നട്ടെല്ലില്ലായ്മയുമാണ് തെളിയുന്നതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. മറ്റ് വിമാനക്കമ്പനികളും സമാനമായ രീതി പിന്തുടരുന്നതായി തോന്നുന്നില്ലെന്നും ജയറാം രമേശ് പറഞ്ഞു. ഇന്‍ഡിഗോ എംസിസി ലംഘിച്ചുവെന്ന ജയറാം രമേശിന്റെ ആരോപണങ്ങളോട് സിവില്‍ ഏവിയേഷന്‍ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പ്രതികരിച്ചു. തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനായി മന്ത്രാലയവും തെരഞ്ഞെടുപ്പ് കമ്മീഷനും തമ്മിലുള്ള ബോധവല്‍ക്കരണത്തിന്റെ ഭാഗമാണെന്നും കോണ്‍ഗ്രസ് എംപിയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്നും സിന്ധ്യ വ്യക്തമാക്കി.
വരാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ വോട്ടുചെയ്യാന്‍ യാത്രക്കാരോട് ആവശ്യപ്പെടുന്ന അഭ്യര്‍ഥന ഒരുകക്ഷിക്ക് വോട്ടുചെയ്യാനുള്ള അഭ്യര്‍ഥനയായി മാറിയെന്നും ജയറാം രമേശ് പറഞ്ഞു. നവംബര്‍ 7 ന് മിസോറാമില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കും. ഡിസംബര്‍ മൂന്നിനാണ് വോട്ടെണ്ണല്‍. ഇന്‍ഡിഗോയുടെ അനൗണ്‍സ്‌മെന്റില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെക്കുറിച്ച് പരാമര്‍ശമൊന്നുമില്ല. ഇത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ വ്യക്തമായ ലംഘനമാണെന്നും ഇന്‍ഡിഗോക്ക് നട്ടെല്ലില്ലെന്നും ജയറാം രമേശ് വ്യക്തമാക്കി. നരേന്ദ്ര മോദിയെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു.