സീറ്റ് തിരഞ്ഞെടുക്കുന്നതിനുള്ള നിരക്കുകൾ വർദ്ധിപ്പിച്ച് ഇൻഡിഗോ

ദില്ലി: രാജ്യത്തെ ബജറ്റ് എയർലൈനായ ഇൻഡിഗോ സീറ്റ് തിരഞ്ഞെടുക്കുന്നതിനുള്ള നിരക്കുകൾ വർദ്ധിപ്പിച്ചു. ഏറ്റവും ഉയർന്ന വിപണി വിഹിതമുള്ള എയർലൈൻ, സീറ്റുകൾ തിരഞ്ഞെടുക്കുന്നതിന് ഇനി മുതൽ യാത്രക്കാരോട് കൂടുതൽ പണം ഈടാക്കും. ഇഷ്ടപ്പെട്ട സീറ്റ് തിരഞ്ഞെടുക്കുന്നതിന് 75 രൂപ മുതൽ ആണ് ഈടാക്കുക. മുൻ നിരയിലെ വിൻഡോ സീറ്റിന് 2000 രൂപ വരെ യാത്രക്കാർ നൽകേണ്ടി വരും.

ലെഗ്‌സ്പേസിനെ അടിസ്ഥാനമാക്കിയാണ് ഇൻഡിഗോ സീറ്റ് നിരക്കുകൾ നിശ്ചയിച്ചിരിക്കുന്നത്. അതായത് അധിക ഇടം നൽകുന്ന “XL” സീറ്റുകൾ. ഈ XL സീറ്റുകളുടെ ചാർജുകൾ മറ്റുള്ളവയെക്കാൾ കൂടുതലാണ്. 1400 രൂപ മുതൽ 2000 രൂപ വരെയാണ്. എക്സ്എൽ സീറ്റുകളുടെ നിരക്ക് ഉയർന്നത്. മധ്യഭാഗത്തെ സീറ്റുകൾക്ക് 150 രൂപ മുതൽ 1500 രൂപ വരെ നിരക്ക് ഉയർത്തിയിട്ടുണ്ട്. അടിസ്ഥാന നിരക്കിന് പുറമെ 75 രൂപയാണ് പിൻസീറ്റ് തിരഞ്ഞെടുതലുള്ള അധിക നിരക്ക്.

222 സീറ്റുകളുള്ള A321 വിമാനത്തിലും 186 സീറ്റുകളുള്ള A320 വിമാനത്തിലും സീറ്റുകൾ തിരഞ്ഞെടുക്കുന്നതിന് ഒരേ നിരക്കാണ് ഈടാക്കുന്നത്. 180 സീറ്റുകളുള്ള A320 വിമാനത്തിൽ ഈ സീറ്റുകൾ തിരഞ്ഞെടുക്കുന്നതിനും ഇതേ താരിഫ് ബാധകമാണെന്ന് എയർലൈനിന്റെ വെബ്‌സൈറ്റ് പറയുന്നു.

അതേസമയം, കഴിഞ്ഞ ആഴ്ച ഇൻഡിഗോ ടിക്കറ്റുകളിലെ ഇന്ധന സർജ് ചാർജിൽ ഇളവ് പ്രഖ്യാപിച്ചിരുന്നു, ഇതോടെ ചില നീണ്ട റൂട്ടുകളിൽ വിമാന നിരക്ക് 1,000 രൂപ വരെ കുറയും. ജെറ്റ് ഇന്ധന വിലയിലുണ്ടായ വർദ്ധനവിന്റെ പശ്ചാത്തലത്തിൽ ആണ് 2023 ഒക്ടോബർ 6 മുതൽ ഓരോ ആഭ്യന്തര, അന്തർദേശീയ ടിക്കറ്റിനും എയർലൈൻ ഇന്ധന നിരക്ക് ഈടാക്കാൻ തുടങ്ങിയത്. ഇന്ധന ചാർജിന്റെ അളവ് ദൂരത്തിനനുസരിച്ച് 300 രൂപ മുതൽ 1,000 രൂപ വരെ വ്യത്യാസപ്പെടും. ഏകദേശം 60 ശതമാനം വിപണി വിഹിതമുണ്ട് ഇൻഡിഗോയ്ക്ക്.

Top