ന്യൂഡല്‍ഹി: ഇന്ത്യയുടെ ഉരുക്കു വനിത ഇന്ദിരാഗാന്ധിയുടെ 34-ാംമത് ചരമദിനമാണ് ഇന്ന്. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയും ജവഹര്‍ലാല്‍ നെഹ്രുവിന് ശേഷം ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രി ആയിരുന്ന വ്യക്തിയും ഇന്ദിരയാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തെ ഇന്ദിരയുടെ യുഗം എന്ന് വിശേഷിപ്പിക്കാന്‍ സാധിക്കും. 1984 ഒക്ടോബര്‍ 31നാണ് സ്വന്തം സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് അവര്‍ കൊല്ലപ്പെടുന്നത്.
1964ല്‍ പിതാവായ ജവഹര്‍ലാല്‍ നെഹ്‌റു മരണമടഞ്ഞതിനെത്തുടര്‍ന്നാണ് ഇന്ദിരാഗാന്ധി സജീവ രാഷ്ട്രീയത്തിലേയ്ക്ക് ഇറങ്ങുന്നത്. ഫിറോസ് ഗാന്ധിയെ വിവാഹം ചെയ്ത ഇന്ദിരയ്ക്ക് രാജീവ് ഗാന്ധിയും സഞ്ചയ് ഗാന്ധിയും പിറന്നു.
ഇന്ദിരയുടെ മരണ ശേഷം രാജീവ്ഗാന്ധി 40-ാം വയസ്സില്‍ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി സ്ഥാനമേറ്റു. 1991ല്‍ എല്‍ടിടിഇ പ്രവര്‍ത്തകയുടെ ചാവേര്‍ ആക്രമണത്തില്‍ അദ്ദേഹവും കൊല്ലപ്പെട്ടു. 1980ല്‍ സഞ്ചയ് ഗാന്ധി ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു.
1959ലാണ് ഇന്ദിര കോണ്‍ഗ്രസ് അദ്ധ്യക്ഷയായി സ്ഥാനമേല്‍ക്കുന്നത്. നെഹ്‌റുവിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റായി 1947 മുതല്‍ 64 വരെ സേവനമനുഷ്ഠിച്ചു. 1964ല്‍ ആദ്യം കേന്ദ്ര കാബിനറ്റ് മന്ത്രിയായി അധികാരത്തിലെത്തുകയും 1966ല്‍ പ്രധാനമന്ത്രിയായി സ്ഥാനമേല്‍ക്കുകയും ചെയ്തു. പ്രധാനമന്ത്രി ആയിരുന്ന ലാല്‍ബഹദൂര്‍ ശാസ്ത്രിയുടെ പെട്ടന്നുണ്ടായ മരണത്തെത്തുടര്‍ന്നായിരുന്നു ഇത്.
1975ലെ അടിയന്തരാവസ്ഥാ പ്രഖ്യാപനമായിരുന്നു ഇന്ദിരാ യുഗത്തിന്റെ സുപ്രധാന സംഭവം. 1966 മുതല്‍ 77 വരെ അധികരാത്തിലുണ്ടായിരുന്ന ഇന്ദിര അടുത്ത തെരഞ്ഞെടുപ്പില്‍ തോറ്റു പോകാന്‍ കാരണം അടിയന്തരാവസ്ഥാ പ്രഖ്യാപനമായിരുന്നു. സുരക്ഷാ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നു എന്ന കാരണം പറഞ്ഞാണ് അന്ന് ഇന്ദിര അടിയന്തരാവസ്ഥയ്ക്ക് ആഹ്വാനം ചെയ്തത്.
1984ലെ ബ്‌ള്യൂസ്റ്റാര്‍ ഓപ്പറേഷനായിരുന്നു മറ്റൊരു പ്രധാനപ്പെട്ട സംഭവം. അതേ വര്‍ഷം തന്നെയാണ് ഇന്ദിര കൊല്ലപ്പെടുന്നത്. 1999ല്‍ സഹസ്രാബ്ദത്തിന്റെ വനിത എന്ന് ബിബിസി അവരെ അഭിസംബോധന ചെയ്തു.