അടിയന്തരാവസ്ഥയും ബ്ലൂസ്റ്റാറും ഇന്ദിര ചെയ്ത തെറ്റുകള്‍; നട്വര്‍ സിംഗ്

ന്യൂഡല്‍ഹി: 1975 ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതും ബ്ലൂ സ്റ്റാര്‍ ഓപ്പറേഷന് അനുമതി നല്‍കിയതുമാണ് ഇന്ദിര ഗാന്ധി ചെയ്ത ഏറ്റവും വലിയ തെറ്റെന്ന് കോണ്‍ഗ്രസ് നേതാവ് കെ. നട്വര്‍ സിംഗ്. ഈ രണ്ട് കാര്യങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ ഇന്ത്യ കണ്ട എക്കാലത്തെയും കരുത്തുറ്റ നേതാക്കളില്‍ ഒരാളാണ് ഇന്ദിരയെന്ന് അദ്ദേഹം പറഞ്ഞു.

1966മുതല്‍ 1971 വരെ ഇന്ദിരയുടെ ഓഫീസിലെ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു നട്വര്‍ സിംഗ്. 80കളില്‍ അദ്ദേഹം കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനാവുകയും രാജീവ് ഗാന്ധി സര്‍ക്കാരിലെ മന്ത്രിയാകുകയും ചെയ്തു.

വളരെ ഗാരവക്കാരിയായ, കഠിനയായ, ക്രൂരയായ നേതാവായാണ് ഇന്ദിര പലപ്പോഴും ചിത്രീകരിക്കപ്പെടുന്നത്. എന്നാല്‍, നന്നായി പെരുമാറാന്‍ അറിയുന്ന, വിശാലമായ ചിന്താഗതിയുള്ള, ആരെയും ആകര്‍ഷിക്കുന്ന, വലിയ വായനാശീലമുള്ള ആളായിരുന്നു ഇന്ദിരാഗാന്ധിയെന്ന് സിംഗ് സാക്ഷ്യപ്പെടുത്തുന്നു.

തന്റെ പുതിയ പുസ്തകത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പരാമര്‍ശിച്ചിരിക്കുന്നത്. വിദേശ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനായിരുന്ന സമയത്തും മറ്റും തനിയ്ക്ക് ലഭിച്ച കത്തുകളുടെ അടിസ്ഥാനത്തില്‍ എഴുതിയതാണ് അദ്ദേഹത്തിന്റെ പുതിയ പുസ്തകം.

ഇന്ദിര ഗാന്ധി, ഇ എം ഫോസ്റ്റര്‍, സി രാജഗോപാലാചാരി, മൗണ്ട്ബാറ്റന്‍ പ്രഭു, ജവഹര്‍ലാല്‍ നെഹ്രുവിന്റെ സഹോദരിമാര്‍ വിജിലക്ഷ്മി പണ്ഡിറ്റ്, കൃഷ്ണ ഹതീസിംഗ്, ആര്‍ കെ നാരായണ്‍, നിര്‍ദ്‌സി ചൗധരി, മുല്‍ക് രാജ് ആനന്ദ്, ഹാന്‍ സുയിന്‍ തുടങ്ങിയ നിരവധിപ്പേരെക്കുറിച്ച് പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

1980ലെ തിളക്കമാര്‍ന്ന വിജയത്തിനു ശേഷം ഇന്ദിര സിംഗിന് ഇങ്ങനെ എഴുതി ‘ ജനങ്ങളുടെ പ്രതീക്ഷ വളരെ ഉയരത്തിലാണ്. അതിനാല്‍ തന്നെ വളരെ ആശങ്കയുണ്ട്. രാജ്യത്തിന്റെ രാഷ്ട്രീയ-സാമ്പത്തിക അവസ്ഥ വളരെ പരിതാപകരമാണ്.’

വിഭനത്തിന് അനുകൂലമായി മൗണ്ട് ബാറ്റണോട് താന്‍ പരാമര്‍ശം നടത്തിയെന്ന് രാജഗോപാലാചാര്യ പറയുന്ന കത്തും പുസ്തകത്തിലുണ്ട്. മഹാത്മാഗാന്ധിയാണ് വിഭജനത്തിന് എതിരായി നിന്നത്. എന്നാല്‍, എല്ലാവരും വിഭജനത്തെ അനുകൂലിച്ചപ്പോള്‍ നിങ്ങളുടെ ഇഷ്ടം നടക്കട്ടെയെന്ന് പറഞ്ഞ് അടുത്ത ദിവസം തന്നെ ഗാന്ധി ഡല്‍ഹി വിട്ടതായും ആചാര്യ കത്തില്‍ പറയുന്നുണ്ട്.

Top