കറാച്ചി: ഇന്ത്യ-പാക് ക്രിക്കറ്റ് പരമ്പര സംബന്ധിച്ച് രണ്ട് ദിവസത്തിനുള്ളില്‍ ബി.സി.സി.ഐയും കേന്ദ്രസര്‍ക്കാരും തീരുമാനം വ്യക്തമാക്കിയില്ലെങ്കില്‍ പരമ്പര റദ്ദാക്കുമെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്.
നിലവില്‍ ചര്‍ച്ചകള്‍ക്കായി പാകിസ്ഥാനിലെത്തിയിട്ടുള്ള വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ക്രിക്കറ്റ് ബന്ധം പുനസ്ഥാപിയ്ക്കുന്നത് സംബന്ധിച്ച് സംസാരിയ്ക്കാത്തത് നിരാശാജനകമാണെന്ന് പി.സി.ബി ചെയര്‍മാന്‍ ഷഹര്യാര്‍ ഖാന്‍ പറഞ്ഞു.
ക്രിക്കറ്റ് ബന്ധം സജീവമാക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാഞ്ഞത് പരമ്പര നടക്കാനുള്ള സാദ്ധ്യത കുറവാണെന്നതിന്റെ സൂചനയാണെന്ന് ഷഹര്യാര്‍ ഖാന്‍ പറഞ്ഞു.
ശ്രീലങ്കയില്‍ നടക്കാനിരിയ്ക്കുന്ന പരമ്പരയ്ക്ക് തങ്ങള്‍ തയ്യാറെടുത്തിട്ടുണ്ടെന്നും ഹോട്ടല്‍ മുറികള്‍ ബുക്ക് ചെയ്യുന്നതടക്കമുള്ള കാര്യങ്ങള്‍ ചെയ്തതായും ഷഹര്യാര്‍ ഖാന്‍ പറഞ്ഞു. പരമ്പരയോടുള്ള ഇന്ത്യയുടെ നിലപാട് അനുസരിച്ചായിരിയ്ക്കും മാര്‍ച്ചില്‍ ഇന്ത്യയില്‍ നടക്കാനിരിയ്ക്കുന്ന ട്വന്റി-ട്വന്റി ലോക ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് പാകിസ്ഥാന്‍ തീരുമാനിയ്ക്കുകയെന്നും ഷഹര്യാര്‍ ഖാന്‍ പറഞ്ഞു.
പരമ്പര നടന്നില്ലെങ്കില്‍ 334 കോടി രൂപ വരെ തങ്ങള്‍ക്ക് നഷ്മുണ്ടാകുമെന്നാണ് പി.സി.ബി പറയുന്നത്. ബി.സി.സി.ഐയുമായി പരമ്പര സംബന്ധിച്ച് എം.ഒ.യു ഒപ്പിട്ട സാഹചര്യത്തില്‍ സര്‍ക്കാരില്‍ നിന്ന് അവര്‍ അനുമതി വാങ്ങുമെന്നായിരുന്നു തങ്ങളുടെ പ്രതീക്ഷയെന്നും ഷഹര്യാര്‍ ഖാന്‍ പറഞ്ഞു.