ഇന്തോനേഷ്യ പ്രളയം; 75 മരണം, മരണസംഖ്യ ഉയരുമെന്ന് അധികൃതർ

ജക്കാര്‍ത്ത: കനത്ത മഴയിലും മണ്ണിടിച്ചിലിലും ഇന്തോനേഷ്യയിലും കിഴക്കന്‍ ടിമോറിലുമായി മരിച്ചവരുടെ എണ്ണം 75 കടന്നു. 40 ലധികം പേരെ കാണാതായതായി റിപ്പോർട്ട് ചെയ്‌തു. ശക്തമായ മഴയെത്തുടർന്ന് അണക്കെട്ടുകൾ നിറഞ്ഞൊഴുകിയതിന് പിന്നാലെ മണ്ണിടിച്ചിൽ ഉണ്ടായതാണ് ദുരന്തത്തിന് കാരണം.

കിഴക്കന്‍ ഇന്തോനേഷ്യയിലെ ഫ്‌ളാര്‍സ് ദ്വീപ് മുതല്‍ കിഴക്കന്‍ ടിമോര്‍ വരെയുള്ള ഭാഗങ്ങളിലെ ഭൂരിഭാഗം വീടുകളും വെള്ളത്തിനടിയിലായി. നൂറ് കണക്കിന് വീടുകൾ വെള്ളത്തിനടിയിലായി. ആയിരക്കണക്കിനാളുകളെ മാറ്റിപാർപ്പിച്ചു. വീടുകൾ, പാലങ്ങൾ, റോഡുകൾ എന്നിവയിൽ ചെളി ഒഴുകിപ്പോയി. മോശം കാലാവസ്ഥ തുടരുന്നതിനാൽ രക്ഷാപ്രവർത്തനം വൈകുകയാണെന്ന് അധികൃതർ പറഞ്ഞു. താൽക്കാലിക അഭയകേന്ദ്രങ്ങളിലേക്ക് ആളുകളെ മാറ്റുകയാണ് അധികൃതർ.

55 പേർ മരിച്ചുവെന്നും മരണസംഖ്യ ഉയർന്നേക്കാമെന്നും ദുരന്ത ലഘൂകരണ സംഘം വക്‌താവ് റാഡിത്യ ജതി പറഞ്ഞു. 42 പേരെ ഇപ്പോഴും കാണാനില്ല. മോശം കാലാവസ്ഥ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാണ്. അദ്ദേഹം കൂട്ടിച്ചേർത്തു. കിഴക്കൻ തിമോറിൽ മാത്രം 21 പേർ മരിച്ചുവെന്നാണ് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കിഴക്കന്‍ ഫ്‌ളാര്‍സില്‍ 60ലധികം പേര്‍ മരിച്ചതായി ഡെപ്യൂട്ടി റീജന്റ് അഗസ്റ്റിനസ് പയോങ് ബോലി അറിയിച്ചു.

മരിച്ചവരിൽ പലരും രാജ്യ തലസ്ഥാനമായ ഡിലിയിൽ നിന്നുള്ളവരാണെന്ന സൂചനകൾ ലഭിച്ചതായി റിപ്പോർട്ട് ചെയ്യുന്നു. ശക്തമായ വെള്ളപ്പൊക്കമുണ്ടായ ബിമയില്‍ നിന്ന് പതിനായിരത്തോളം പേരെ ഒഴിപ്പിച്ചു. ഇന്തോനേഷ്യൻ പ്രസിഡൻ്റ് ജോക്കോ വിഡോഡോ അനുശോചനം രേഖപ്പെടുത്തി. ഈ സാഹചര്യത്തിൽ കാലാവസ്ഥ വകുപ്പ് നൽകുന്ന ഉപദേശം പിന്തുടരാൻ അദ്ദേഹം ജനങ്ങളോട് അഭ്യർഥിച്ചു. ദുരന്ത നിവാരണ പ്രവർത്തനങ്ങൾ വേഗത്തിൽ നടത്താൻ നിർദേശം നൽകിയെന്നും അദ്ദേഹം പറഞ്ഞു.
Top