ഇന്തൊനീഷ്യയിൽ സുനാമിയിൽ മരിച്ചവരുടെ എണ്ണം 1500 കടന്നു

ജക്കാർത്ത : ഇന്തൊനീഷ്യയിലെ സുനാമിയിൽ മരിച്ചവരുടെ എണ്ണം 1500 കടന്നു . സുനാമിയും ഭൂകമ്പവും വൻ നാശം വിതച്ച ഇന്തൊനീഷ്യയിൽ മണ്ണിനുള്ളിൽ കുടുങ്ങിയവരെ തേടിയുള്ള രക്ഷാപ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്.

1,558 പേർ മരിച്ചതായാണ് ഔദ്യോഗിക കണക്കുകളെങ്കിലും മരണസംഖ്യ ഇനിയുമുയരാൻ സാധ്യതയുണ്ട്. ദുരന്ത മേഖലയാകെ മണ്ണു പുതഞ്ഞ നിലയിലായതു രക്ഷാപ്രവർത്തനങ്ങളെ ബാധിച്ചു. സുനാമി ഏറെ ജീവന്‍ കവർന്ന പാലു ദ്വീപിൽ കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്തിയതായി വിവരമുണ്ട്.

ദക്ഷിണ പാലു മേഖലയിൽ മണ്ണിനടിയിൽ കുടുങ്ങിയവരുടെ കൃത്യമായ കണക്കു ലഭ്യമായിട്ടില്ലെന്നു ദേശീയ ദുരന്ത നിവാരണ ഏജൻസി വ്യക്തമാക്കി. മേഖലയിലെ ഒരു പ്രദേശത്തെ മാത്രം 1,700 വീടുകളാണു മണ്ണിൽ പുതഞ്ഞത്. ഇവിടെ നൂറിലേറെ മൃതദേഹങ്ങൾ കണ്ടെത്തി. കഴിഞ്ഞ വെള്ളിയാഴ്ചയാണു സൂനാമിത്തിരകൾ സുലവേസി, പാലു ദ്വീപുകളിൽ നാശം വിതച്ചത്.

indoneshia-1

സുനാമിയുടെയും ഭൂകമ്പത്തിന്റെയും ശക്തി കൂടുതൽ പ്രകടമായ സുലവേസി – പാലു ദ്വീപുകളിൽ രക്ഷാപ്രവർത്തനങ്ങൾ വൈകുന്നതായും പരാതിയുണ്ട്. ഈ മേഖലകളിൽ ഭക്ഷണപദാർഥങ്ങളുടെയും കുടിവെള്ളത്തിന്റെയും ക്ഷാമവും രൂക്ഷമാണ്. പാലുവിൽ വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചു. ചില വ്യാപാര സ്ഥാപനങ്ങളും ബാങ്കുകളും തുറന്നു പ്രവർത്തനം ആരംഭിച്ചു.

134 കിടക്കകളുള്ള ആഗങ് ആശുപത്രി നിറഞ്ഞു കവിഞ്ഞ അവസ്ഥയിലാണ്. ചെളിമണ്ണിൽ കുടുങ്ങി പരുക്കുകളോടെയാണു രക്ഷപ്പെടുത്തിയവരെ എത്തിക്കുന്നതെന്നതിനാൽ അണുബാധയ്ക്കുള്ള സാധ്യത കൂടുതലാണെന്ന് ഡോക്ടർമാർ പറഞ്ഞു.

indonesia

എല്ലുകൾ ഒടിഞ്ഞ സംഭവങ്ങളാണു കൂടുതലും. ചെളിമണ്ണു കലർന്നതിനാൽ രോഗികൾക്കുണ്ടായ പരുക്കിന്റെ തീവ്രത കൂടുതലാണ്. റെഡ് ക്രോസിന്റെ ഹെലികോപ്റ്ററുകൾ ഭക്ഷ്യവസ്തുക്കളും ബ്ലാങ്കറ്റുകളും ടെന്റുകളും ദുരന്തമേഖലകളിൽ വിതരണം ചെയ്യുന്നുണ്ടെന്ന് ഔദ്യോഗിക കേന്ദ്രങ്ങൾ അറിയിച്ചു.

ഇതിനിടെ, പാലുവിൽ ഭൂമികുലുക്കത്തിൽ തകർന്ന ഒരു ഹോട്ടലിന്റെ അവശിഷ്ടങ്ങൾക്കിടയിൽ ചിലർക്കു ജീവനുണ്ടെന്ന സൂചനയെ തുടർന്നു നടത്തിയ തിരച്ചിൽ ഫ്രഞ്ച് സംഘം അവസാനിപ്പിച്ചു.

ഹൃദയമിടിപ്പും ശ്വാസവും പിടിച്ചെടുക്കുന്ന സെൻസറുകൾ ബാഹ്യഘടകങ്ങളെ തുടർന്നു ചിലപ്പോൾ തെറ്റായ സന്ദേശങ്ങൾ നൽകാനിടയുണ്ടെന്നും ഒരു മണിക്കൂറിലേറെ നീണ്ട തിരച്ചിലിനിടെ ജീവന്റെ സൂചന വീണ്ടും ലഭിക്കാത്തതിനെ തുടർന്നാണു നിർത്താനുള്ള തീരുമാനത്തിലെത്തിയതെന്നും സംഘത്തലവനായ ഫിലിപ്പ് ബേസൺ അറിയിച്ചു.

Top